/indian-express-malayalam/media/media_files/uploads/2021/10/Lakhimpur-Kheri.jpg)
ലക്‌നൗ: ലഖിംപുര്‍ ഖേരി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നാല് കര്‍ഷകരുടെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ വീതം ധനസഹായവും സര്‍ക്കാര്‍ ജോലിയും നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. പരുക്കേറ്റ കര്‍ഷകര്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
സംഭവത്തെക്കുറിച്ച് ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി അന്വേഷിക്കുമെന്ന് ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.
നാല് പേരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടത്തിയെന്ന് ഖേരി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഖേരി, ശൈലേന്ദ്ര ഭട്‌നഗര്‍ പറഞ്ഞു. നാല് മൃതദേഹങ്ങള്‍ കൂടി പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടേത് ഉള്‍പ്പെടെ മൂന്ന് എസ്‌യുവികൾ അടങ്ങിയ വാഹനവ്യൂഹം, പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേരാണു കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
മന്ത്രിയെയും അപകടം വരുത്തിയ എയ്‌സുവികളിലൊന്ന് ഓടിച്ച മന്ത്രിയുടെ മകനെയും അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട കര്‍ഷകര്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
Also Read: ലഖിംപുർ: രാജ്യവ്യാപക പ്രതിഷേധം; അഖിലേഷും പ്രിയങ്കയും കസ്റ്റഡിയില്‍
എന്നാല്‍, ബിസിനസുകാരനായ തന്റെ മകന്‍ സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നില്ലെന്നു അജയ് മിശ്ര പറഞ്ഞു. കൊല്ലപ്പെട്ട മറ്റു നാല് പേര്‍ ബിജെപി പ്രവര്‍ത്തകരും കാര്‍ഡ്രൈവറുമാണെന്നുമ മന്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇവരെ കര്‍ഷകര്‍ക്കിടയിലുണ്ടായിരുന്ന അക്രമികള്‍ വാളുകളും വടികളുമായി ആക്രമിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ തികോണിയ പൊലീസ് സ്റ്റേഷനില്‍ കൊലപാതകം, കലാപം തുടങ്ങി വിവിധ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുമിത് ജയ്സ്വാള്‍ നല്‍കിയ പരാതിയില്‍ കലാപം, അശ്രദ്ധ മൂലമുള്ള മരണം, കൊലപാതകം എന്നിവ ചുമത്തി അജ്ഞാതര്‍ക്കെതിരെയും എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന്, ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, ബിഎസ്പി നേതാവ് എസ് സി മിശ്ര, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവരെ ജില്ലാ ആസ്ഥാനത്തുനിന്ന് 80 കിലോമീറ്റര്‍ അകലെയും ലക്‌നൗവില്‍നിന്ന് 225 കിലോമീറ്റര്‍ അകലെയും പൊലീസ് തടഞ്ഞു.
Also Read:കസ്റ്റഡിയിൽ കഴിയുന്ന ഗസ്റ്റ് ഹൗസ് അടിച്ചുവൃത്തിയാക്കി പ്രിയങ്ക ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us