/indian-express-malayalam/media/media_files/uploads/2021/10/1-63.jpg)
ന്യൂഡല്‍ഹി: നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ ഖേരി സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ നടപടികള്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി നിരീക്ഷിക്കുമെന്ന് കോടതി പറഞ്ഞു. കേസ് വാദത്തിനായി വെള്ളിയാഴ്ചത്തേക്കു കോടതി ലിസ്റ്റ് ചെയ്തു.
കേസിൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ഒക്ടോബര്‍ എട്ടിന് അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ സിബിഐ, ഉന്നതതല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിനു പിന്നാലെയാണ് സുപ്രീം കോടതി വിഷയം പരിഗണിച്ചത്. കേസില്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ 10 പേർ അറസ്റ്റിലായിട്ടുണ്ട്.
Also Read: രാജ്യത്ത് 11,451 പേര്‍ക്ക് കോവിഡ്; 266 മരണം
കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് വിവാദദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകരുടെ ഇടയിലേക്ക് ഒക്ടോബർ മൂന്നിന് മൂന്നു എസ്‌യുവികള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹം ഇടിച്ചുകയറുകയായിരുന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വാഹനങ്ങള്‍ ഇടിച്ചുവീഴ്ത്തി നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഭവത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകനും രണ്ടു ബിജെപി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടു.
എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി ഒക്ടോബര്‍ എട്ടിനു കേസ് പരിഗണിക്കവെ നിശിതമായി വിമര്‍ശിച്ചിരുന്നു. തെളിവുകള്‍ സംരക്ഷിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. എല്ലാ പ്രതികള്‍ക്കെതിരെയും നിയമം അതിന്റെ വഴിക്കു പോകണമെന്നും എട്ട് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ വിശ്വാസം പകരാന്‍ സര്‍ക്കാര്‍ എല്ലാ പരിഹാര നടപടികളും സ്വീകരിക്കണമെന്നും ബെഞ്ച് പറഞ്ഞിരുന്നു.
സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്ന് ഒക്ടോബര്‍ 26ന് സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു വാഹനത്തിലെ യാത്രക്കാരനായിരുന്ന ശ്യാം സുന്ദര്‍ കൊല്ലപ്പെട്ടതും വാഹനമിടിച്ചതിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കശ്യപ് കൊല്ലപ്പെട്ടതും സംബന്ധിച്ച അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.