ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിൽ മുഖ്യപ്രതി പ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ കോടതി നിർദേശം നൽകി. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർഷകർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
കേസിൽ അലഹബാദ് ഹൈക്കോടതി മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് അലഹബാദ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിയിൽ സുപ്രീം കോടതി നേരത്തെ തന്നെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു, വിചാരണ ഇനിയും ആരംഭിച്ചിട്ടില്ലാത്ത കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മുറിവുകളുടെ സ്വഭാവവും പോലുള്ള അനാവശ്യ വിശദാംശങ്ങൾ നൽകരുതെന്ന് കോടതി പറഞ്ഞു.
മാർച്ച് 16ന്, ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന്റെയും ആശിഷ് മിശ്രയുടെയും പ്രതികരണം സുപ്രീം കോടതി തേടിയിരുന്നു.
മാർച്ച് 10ന് കേസിലെ പ്രധാന സാക്ഷിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് കർഷകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പരാമർശിച്ചതിനെത്തുടർന്ന് സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശനത്തിനെതിരെ കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്.
ഉത്തർപ്രദേശ് പൊലീസിന്റെ എഫ്ഐആർ പ്രകാരം ആശിഷ് മിശ്ര സഞ്ചരിച്ച എസ്യുവി നാല് കർഷകരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രോഷാകുലരായ കർഷകർ ഡ്രൈവറെയും രണ്ട് ബിജെപി പ്രവർത്തകരെയും മർദിച്ചു. ഈ സംഘർഷങ്ങൾക്കിടയിൽ ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.
Also Read: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു; ഇന്ന് 2,183 പേർക്ക് രോഗം