ലക്നൗ: ലഖിംപൂർ ഖേരി അക്രമവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് തിങ്കളാഴ്ച നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 10 ആയി.
“സ്വാറ്റ് ടീമിനൊപ്പം ലഖിംപൂർ ഖേരി പോലീസിന്റെ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച നാല് പേരെ അറസ്റ്റ് ചെയ്തു. എസ്‌ഐടി അന്വേഷണ ഉദ്യോഗസ്ഥരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്യുകയാണ്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്, ”യുപി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
സുമിത് ജയ്സ്വാൾ, ശിഷി പാൽ, സത്യ എന്ന സത്യ പ്രകാശ് ത്രിപാഠി, നന്ദൻ സിംഗ് ബിഷ്ഠ് എന്നിവരെയാണ് പിടികൂടിയത്.
Also Read: ലഖിംപുര്‍ ഖേരി: കര്‍ഷകരുടെ റെയില്‍ ഉപരോധം 50 ട്രെയിനുകളെ ബാധിച്ചു
നേരത്തെ, കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയും കൂട്ടാളികളായ ലവ്കുഷ് പാണ്ഡെ, ആശിഷ് പാണ്ഡെ, അങ്കിത് ദാസ്, ശേഖർ ഭാരതി, ലത്തീഫ് എന്നിവരും കേസിൽ അറസ്റ്റിലായിരുന്നു.
പ്രതി അങ്കിത് ദാസ്, ഡ്രൈവർ ശേഖർ ഭാരതി, സെക്യൂരിറ്റി ഗാർഡ് ലത്തീഫ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ കൗശാമ്പി സ്വദേശി സത്യ തിവാരിയുടെ പേര് ഉയർന്നുവന്നിരുന്നുവെന്ന് പൊലീസ് പറയുന്നു.
“സംഭവദിവസം കൗശംബി സ്വദേശി സത്യം തിവാരി ഒരു എസ്‌യുവിയാണ് ഓടിച്ചിരുന്നതെന്ന് പ്രതി ശേഖർ ഭാരതി പോലീസിനോട് പറഞ്ഞു,” എന്ന് അന്വേഷണ സംഘത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.