ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ വാഹനവ്യൂഹം ഇടിച്ചുകയറി നാല് കര്‍ഷകര്‍ ഉള്‍പ്പടെ എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ മൂന്ന് ദിവസത്തേക്ക് അനുവാദം നല്കി കോടതി ഉത്തരവിടുകയായിരുന്നു.
കേസില്‍ ആശിഷ് മിശ്രയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. ശനിയാഴ്ച 12 മണിക്കൂറോളമാണ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ആശിഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിക്കുന്നില്ലെന്നും പല കാര്യങ്ങളിലും വ്യക്തമായ മറുപടികള്‍ തരുന്നില്ലെന്നും എസ്ഐടി തലവന്‍ ഉപേന്ദ്ര കുമാര്‍ അഗര്‍വാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ പൊലീസിന്റെ വാദങ്ങളെ ആശിഷിന്റെ അഭിഭാഷകന് പൂര്‍ണമായും നിരസിച്ചു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ 40 ചോദ്യങ്ങള്‍ക്കും ആശിഷ് മറുപടി പറഞ്ഞെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. തുടര്‍ന്നായിരുന്നു ആശിഷിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
അതേസമയം, ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അജയ് മിശ്രയെ മന്ത്രി പദത്തില്‍ നിന്ന് നീക്കാത്തതിനെതിരെയായിരുന്നു രാഹലിന്റെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ കൊല്ലപ്പെട്ട കര്‍ഷകര്‍ക്കൊപ്പമോ ബിജെപി പ്രവര്ത്തകര്ക്കൊപ്പമോ നില്ക്കുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.