ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധത്തിനിടെ വാഹനവ്യൂഹം ഇടിച്ചു കയറി എട്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ചയായിരുന്നു ആശിഷിന്റെ അറസ്റ്റ്. ഒരു ദിവസം മുഴുവന്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിന് ശേഷം ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഓഫീസിൽ ശനിയാഴ്ച രാത്രി ഒരു മെഡിക്കൽ സംഘം പ്രതിയെ പരിശോധിച്ച ശേഷം കോടതിയിൽ ഹാജരാക്കി. ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ആശിഷിനെ പോലീസ് റിമാൻഡ് ചെയ്യുന്നതിനുള്ള അപേക്ഷ ജുഡീഷ്യൽ മജിസ്ട്രേറ്റിന് സമർപ്പിച്ചതായി സീനിയർ പ്രോസിക്യൂഷൻ ഓഫീസർ എസ്പി യാദവ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇതിൽ വാദം കേൾക്കും.
കേന്ദ്ര മന്ത്രിയുടെ മകനെ ലഖിംപൂർ ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി, അവിടെ അദ്ദേഹത്തെ കോവിഡ് -19 ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. “ക്വാറന്റൈൻ കാലയളവ് 14 ദിവസമാണ്, അദ്ദേഹത്തിന്റെ (മെഡിക്കൽ) പരിശോധനകൾ നടത്തും, ”ഉദ്യോഗസ്ഥർ പറഞ്ഞു.
ചൊദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകന്‍ ആശിഷ് മിശ്രയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് ആശിഷ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് (എസ്ഐടി) മുന്നില്‍ ഹാജരായത്. അഭിഭാഷകനും ബിജെപി എംഎല്‍എ യോഗേഷ് വെര്‍മയ്ക്കും ഒപ്പമായിരുന്നു ആശിഷ് എത്തിയത്.
ഇന്നലെ രാത്രി 11 മണിയോയെ എസ്ഐടി തലവനും ഡിഐജിയുമായ ഉപേന്ദ്ര കുമാര്‍ അഗര്‍വാളാണ് ആശിഷിനെ കസ്റ്റഡിയിലെടുക്കുന്ന കാര്യം സ്ഥിരീകരിച്ചത്. “ചോദ്യം ചെയ്യലിനോട് ആശിഷ് സഹകരിക്കുന്നില്ല. വ്യക്തമായ മറുപടികള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ആശിഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും,” ഉപേന്ദ്ര കുമാര്‍ പറഞ്ഞു.
ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ആശിഷിനെ രാത്രി ഒരു മണിയോടെ ലഖിംപൂര്‍ ഖേരി ജയിലിലേക്ക് മാറ്റിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. “തിങ്കളാഴ്ച രവിലെ വരെ ആശിഷ് ജയിലിലായിരിക്കും. പ്രദേശിക കോടതിയില്‍ നടക്കുന്ന വാദത്തിന് ശേഷമെ കസ്റ്റഡിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു,” ആശിഷിന്റെ അഭിഭാഷകന് പറഞ്ഞു.