ലക്നൗ: ലഖിംപുര്‍ ഖേരിയില്‍ നാലു കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രയ്ക്കും മറ്റു 13 പേര്‍ക്കുമെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തിലെ ആദ്യ കുറ്റപത്രമാണിത്. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ ഇടിച്ചുകയറിയ വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു മിശ്രയുടെ കാര്‍.
5,000 പേജുള്ള കുറ്റപത്രമാണു പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി) സമര്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 147 (കലാപം), 148 (കലാപം, മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍), 149 (നിയമവിരുദ്ധമായി സംഘം ചേരല്‍), 326 (അപകടകരമായ ആയുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍), 427 (നാശനഷ്ടമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ആശിഷ് മിശ്രയ്ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കുറ്റപത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട 14 കുറ്റാരോപിതരില്‍ ആശിഷ മിശ്ര ഉള്‍പ്പെടെയുള്ള 13 പേരും ജയിലിലാണ്. തെളിവ് നശിപ്പിച്ചതിനു പ്രതിചേര്‍ക്കപ്പെട്ട വീരേന്ദ്ര കുമാര്‍ ശുക്ല മാത്രമാണു പുറത്തുള്ളത്. ആശിഷിന്റെ അകന്ന ബന്ധുവും ബ്ലോക്ക് പ്രമുഖുമായ ശുക്ലയ്ക്ക് എസ് ഐ ടി നോട്ടിസ് അയച്ചിട്ടുണ്ടെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Also Read: കാർഷിക നിയമങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ധാർഷ്ട്യത്തോടെ പെരുമാറി; പ്രധാനമന്ത്രിക്കെതിരെ മേഘാലയ ഗവർണർ
ആശിഷ്, വീരേന്ദ്ര ശുക്ല എന്നിവരെ കൂടാതെ, മുന്‍ രാജ്യസഭാ എംപി അഖിലേഷ് ദാസിന്റെ മരുമകന് അങ്കിത് ദാസ്, നന്ദന് ദാസ് ഭിസ്ത്, സത്യം ത്രിപാഠി എന്ന സത്യപ്രകാശ് ത്രിപാഠി, കല്ലേയ് എന്ന ലത്തീഫ്, ശേഖര്‍ ഭാരതി, സുമിത് ജയ്സ്വാള്‍, ആശിഷ് പാണ്ഡെ; ലുവ്കുശ്, ശിശുപാല്‍; മോഹിത് ത്രിവേദി എന്ന ഉല്ലാസ് കുമാര്‍ ത്രിവേദി, റിങ്കു റാണ, ധര്‍മേന്ദ്രകുമാര്‍ ബഞ്ചാര എന്നിവരാണു മറ്റു കുറ്റരോപിതര്‍. ജാമ്യം തേടി ആശിഷ് ഹൈക്കോടതിയിലും മറ്റുള്ളവര്‍ പ്രാദേശിക കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ലഖിംപുര്‍ ഖേരി സംഭവം ആസൂത്രിത ഗൂഢാലോചനയാണെന്ന് ചൂണ്ടിക്കാട്ടി എസ് ഐ ടി അടുത്തിടെ പ്രാദേശിക കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊലപാതകങ്ങള്‍ അശ്രദ്ധകാരണം സംഭവിച്ചതല്ലെന്നും കുറ്റാരോപിതരുടേത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബോധപൂര്‍വ പ്രവൃത്തിയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എസ്ഐടിയുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ കോടതി ചേര്‍ത്തു.
ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം രണ്ട് ബിജെപി നേതാക്കളെയും ആശിഷ് മിശ്രയുടെ ഡ്രൈവറെയും മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ഏഴ് പേര് അറസ്റ്റിലായി.
കര്‍ഷകര്‍ക്കിടയിലേക്കു വാഹനവ്യൂഹം ഇടിച്ചുകയറിയ സംഭവം നടക്കുമ്പോള്‍ മകന് ആശിഷ് രണ്ടു കിലോമീറ്റര്‍ അകലെയുള്ള ബന്‍വീര്‍പൂരിലെ പൂര്‍വിക ഗ്രാമത്തില്‍ ഗുസ്തി മത്സരത്തിലായിരുന്നുവെന്നാണു മന്ത്രി അജയ് മിശ്ര അവകാശപ്പെട്ടിരുന്നത്. എന്നാല്‍, തങ്ങള്‍ക്കിടയിലേക്കു ഓടിച്ച വാഹനങ്ങളിലൊന്നില്‍ ആശിഷ് ഉണ്ടായിരുന്നുവെന്നായിരുന്നു കര്‍ഷകരുടെ മൊഴി.