ന്യൂഡല്‍ഹി: ലഖിംപൂർ ഖേരി കേസിലെ സാക്ഷികൾക്ക് സംരക്ഷണം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കൂടാതെ ശ്യാം സുന്ദറിന്റെയും മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെയും മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.
കേസില്‍ ഇതുവരെ 30 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ഇതില്‍ 23 പേര്‍ ദൃക്സാക്ഷികളാണെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇലക്ട്രോണിക് തെളിവുകളെ സംബന്ധിച്ചുള്ള ആശങ്കകള്‍ ഫോറന്‍സിക് ലാബിനെ അറിയിക്കാനും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
കേസില്‍ ബന്ധപ്പെട്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് കോടതി പറഞ്ഞു. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ സേവനം തേടാൻ ജില്ലാ ജഡ്ജിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ എട്ടാം തിയതി കേസ് വീണ്ടും പരിഗണിക്കും.
ലംഖിപൂര്‍ ഖേരി കേസില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയടക്കം പത്ത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. സുമിത് ജയ്സ്വാൾ, ശിഷി പാൽ, സത്യ എന്ന സത്യ പ്രകാശ് ത്രിപാഠി, നന്ദൻ സിംഗ് ബിഷ്ഠ് എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പിടികൂടിയത്.
ആശിഷ് മിശ്രയും കൂട്ടാളികളായ ലവ്കുഷ് പാണ്ഡെ, ആശിഷ് പാണ്ഡെ, അങ്കിത് ദാസ്, ശേഖർ ഭാരതി, ലത്തീഫ് എന്നിവര്‍ നേരത്തെ തന്നെ അറസ്റ്റിലായിരുന്നു. ഒക്ടോബര്‍ മൂന്നാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആശിഷ് മിശ്രയുടെ ഉള്‍പ്പെടെ മൂന്ന് എസ്‌യുവികൾ അടങ്ങിയ വാഹനവ്യൂഹം ലഖിംപൂരില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലു കര്‍ഷകര്‍ അപകടത്തിലും മറ്റു നാല് പേർ അതേത്തുടർന്നുണ്ടായ സംഘർഷത്തിലും കൊല്ലപ്പെട്ടിരുന്നു.