‘തടങ്കല്‍ നിയമവിരുദ്ധം’; എഫ്‌ഐആര്‍ കാണിച്ചില്ലെന്നും പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്നൗ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു

Lakhimpur Kheri, farmers protest, UP Violence, Bhupesh bagel, Chhattisgarh CM Bhupesh Bagel, Priyanka Gandhi Vadhra, UP Violence Updates, Lakhimpur-Kheri Violence Updates, Lakhimpur-Kheri Violence Live Updates, UP Violence Latest News, Lakhimpur-Kheri Violence Latest Updates, latest news, indian express malayalam, ie malayalam

ലക്‌നൗ: തന്നെ അറസ്റ്റ് ചെയ്യുകയാണെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വാക്കാല്‍ അറിയിക്കുക മാത്രമാണുണ്ടായതെന്നും ഉത്തരവോ എഫ്‌ഐആറോ കാണിച്ചില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. സിതാപുര്‍ പിഎസി ഗസ്റ്റ്ഹൗസില്‍ തന്നെ തടങ്കലില്‍ പാര്‍പ്പിച്ചതിനെ നിയമവിരുദ്ധമെന്നു വിശേഷിപ്പിച്ച പ്രിയങ്ക, അറസ്റ്റ് സമയ്ത്ത് തനിക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ‘തികച്ചും നിയമവിരുദ്ധമായ ബലപ്രയോഗം’ നടത്തിയതായും പ്രസ്താവനയിൽ ആരോപിച്ചു.

സിആര്‍പിസി 151-ാം വകുപ്പ് പ്രകാരമാണ് പ്രിയങ്കഗാന്ധിയെും മറ്റു നേതാക്കളെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതായി സിതാപുര്‍ സര്‍ക്കിള്‍ ഓഫിസര്‍ ഡിസിപി പിയൂഷ് കുമാര്‍ സിങ് വാക്കാല്‍ പറഞ്ഞതല്ലാതെ മറ്റു യാതൊരു വിധ ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. തന്റെ മജിസ്‌ട്രേറ്റിന്റെയോ ജുഡീഷ്യല്‍ ഓഫീസറുടെയോ മുന്നില്‍ ഹാജരാക്കുകയോ അഭിഭാഷകനെ കാണാന്‍ അനുവദിക്കുകയോ ചെയ്തില്ലെന്നും പ്രിയങ്ക പ്രസ്താവനയില്‍ പറഞ്ഞു.

തന്നെക്കൂടാതെ ദീപേന്ദര്‍ സിങ് ഹൂഡ, യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു, പാര്‍ട്ടി എംഎല്‍സി ദീപക് സിങ് എന്നിവര്‍ ഉള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തതിനെക്കകുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് അറിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു.

”സോഷ്യല്‍ മീഡിയയില്‍ ഒരു രേഖയുടെ ഒരു ഭാഗം ഞാന്‍ കണ്ടു. അതില്‍ അവര്‍ 11 പേരുടെ പേരു പറഞ്ഞിട്ടുണ്ട്. അവരില്‍ എട്ടുപേരും എന്നെ അറസ്റ്റ് ചെയ്ത സമയത്ത് പോലും ഉണ്ടായിരുന്നില്ല. വാസ്തവത്തില്‍, നാലിനു ഉച്ചതിരിഞ്ഞ് എന്റെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന രണ്ടുപേരുടെ പേര് പോലും അവര്‍ പറഞ്ഞിട്ടുണ്ട്,” പ്രിയങ്കയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെ സിതാപുരിൽനിന്ന് കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധിയുടെ 24 മണിക്കൂറിനു ശേഷമാണ് അറസ്റ്റ് യുപി പൊലീസ് രേഖപ്പെടുത്തിയത്.

അതിനിടെ, കസ്റ്റഡിയിലുള്ള പ്രിയങ്ക ഗാന്ധിയെ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലക്നൗ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. ‘താന്‍ ലഖിംപുര്‍ ഖേരിയിലേക്കു പോകുന്നില്ല’ എന്ന ഭൂപേഷ് ബാഗലിന്റെ വാക്കുകള്‍ പൊലീസ് ചെവിക്കൊണ്ടില്ല.

പ്രിയങ്ക ഗാന്ധി വദ്രയെ കാണുന്നതിനൊപ്പം കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കാനുമാണു ബാഗേല്‍ എത്തിയത്. പുറത്തുകടക്കാന്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം വിമാനത്താവളത്തില്‍ ധര്‍ണ നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ലക്‌നൗവില്‍ എത്താനിരിക്കെയാണു ഭൂപേഷ് ബാഗേലിനെ വിമാനത്താവളത്തില്‍നിന്നു പുറത്തുകടക്കുന്നത് പൊലീസ് തടഞ്ഞത്. ഒരു സമ്മേളനത്തിലും എക്‌സ്‌പോയിലും പങ്കെടുക്കാനുമാണു പ്രധാനമന്ത്രി എത്തുന്നത്.

”യാതൊരു ഉത്തരവുമില്ലാതെ, ലക്‌നൗ വിമാനത്താവളത്തില്‍നിന്ന് പുറത്തുപോകുന്നതില്‍നിന്ന് എന്നെ തടയുന്നു,” വിമാനത്താവളത്തില്‍ നിലത്തിരിക്കുന്നതിന്റെ ഫോട്ടോ സഹിതമുള്ള ട്വീറ്റില്‍ ഭൂപേഷ് ബാഗേല്‍ കുറിച്ചു.

തന്നെ എന്തിനാണ് തടഞ്ഞതെന്ന ചോദ്യം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. ”എന്തിനാണ് എന്നെ തടയുന്നത്? നിരോധനാജ്ഞ നിലനില്‍ക്കുന്ന ലഖിംപൂരിലേക്ക് ഞാന്‍ പോകുന്നില്ല. ഞാന്‍ പിസിസി (കോണ്‍ഗ്രസ് ഓഫീസില്‍) മാത്രമാണ് പോകുന്നത്,” അദ്ദേഹം പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ലഖിംപൂര്‍ ഖേരിയിലേക്കല്ല, വാര്‍ത്താസമ്മേളനത്തിനായി കോണ്‍ഗ്രസ് ഓഫീസിലേക്കു പോകാനാണു താന്‍ ഉദ്ദേശിക്കുന്നതെന്നു ഭൂപേഷ് ബാഗേല്‍ പിന്നീട് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സീതാപൂരില്‍ കസ്റ്റഡിയിലുള്ള പ്രിയങ്ക ഗാന്ധി വദ്രയെ കാണാനാണ് താന്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപുര്‍ ഖേരിയിയില്‍ വാഹനവ്യൂഹം കര്‍ഷകരുടെ ഇടയിലേക്കു ഇടിച്ചുകയറുന്നതിന്റെ വിഡിയോ പ്രിയങ്ക ഇന്നു ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയോട് നിറയെ ചോദ്യങ്ങളുമായാണ് പ്രിയങ്കയുടെ ട്വീറ്റ്.

Also Read: ‘നിങ്ങൾ ഇത് കണ്ടോ?’; കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ കാണിച്ചു മോദിയോട് പ്രിയങ്ക

”നിങ്ങള്‍ ഈ വീഡിയോ കണ്ടോ? (ലഖിംപൂര്‍ ഖേരിയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോയുള്ള മൊബൈല്‍ ഫോണ്‍ കയ്യില്‍ വെച്ചുകൊണ്ട്) എന്തുകൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തത്? ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഞങ്ങളെപ്പോലുള്ള നേതാക്കളെ എഫ്ഐആര്‍ ഇല്ലാതെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ ഇപ്പോഴും സ്വതന്ത്രനായിരിക്കുന്നത് എന്നാണ് എനിക്ക് അറിയേണ്ടത്?” പ്രിയങ്ക ചോദിച്ചു. പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുമോയെന്നും പ്രധാനമന്ത്രിയോട് പ്രിയങ്ക ഗാന്ധി ചോദിച്ചു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ ഇടയിലേക്കു ഞായറാഴ്ചയാണു മൂന്ന് എസ്‌യുവികള്‍ ഉള്‍പ്പെടുന്ന വാഹനവ്യൂഹം ഇടിച്ചുകയറിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ പേര്‍ മരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. പുറകില്‍നിന്ന് കര്‍ഷകരുടെ ഇടയിലേക്കു വാഹനങ്ങള്‍ ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബിജെപി എംപി വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. സംഭവത്തില്‍ മന്ത്രിക്കും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read: ലഖിംപുർ സംഘർഷം: കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lakhimpur kheri farmers protest priyanka gandhi vadra bhpesh bagel uttar pradesh bjp

Next Story
‘നിങ്ങൾ ഇത് കണ്ടോ?’; കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറുന്ന ദൃശ്യങ്ങൾ കാണിച്ചു മോദിയോട് പ്രിയങ്ക
The moderation of comments is automated and not cleared manually by malayalam.indianexpress.com