ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ എസ് യു വി വാഹനവ്യൂഹം ഇടിച്ചുകയറി നാലു കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെയും മറ്റു 12 പ്രതികളുടെയും വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളി. 2021 ഒക്ടോബര്‍ മൂന്നിനു തിക്കോണിയയിലുണ്ടായ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന പ്രതികളുടെ ഹര്‍ജികള്‍ ലഖിംപുര്‍ ഖേരി കോടതിയാണു തള്ളിയത്്.
”14 പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു… കേസില്‍ തങ്ങളെ തെറ്റായി പ്രതിചേര്‍ത്തെന്ന് കാണിച്ച് 13 പേര്‍ കോടതിയില്‍ വിടുതല്‍ അപേക്ഷ സമര്‍പ്പിച്ചു. വാദം പൂര്‍ത്തിയായ ശേഷം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി സുനില്‍ കുമാര്‍ വര്‍മ എല്ലാ ഹര്‍ജികളും തള്ളി,” ലഖിംപൂര്‍ ഖേരി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ അരവിന്ദ് ത്രിപാഠി പറഞ്ഞു. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്താന്‍ കോടതി ചൊവ്വാഴ്ച കുറ്റം ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
”പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയ ശേഷം വിചാരണ ആരംഭിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 34 വകുപ്പ് (പൊതു ഉദ്ദേശ്യത്തോടെ നിരവധി ആളുകള്‍ ചെയ്ത പ്രവൃത്തികള്‍) കോടതി കുറ്റപത്രത്തില്‍നിന്ന് തിങ്കളാഴ്ച നീക്കം ചെയ്തു. 149 മുതലുള്ള ഓരോ വകുപ്പും കോടതി ശരിവച്ചു,” ത്രിപാഠി പറഞ്ഞു.
ജയിലില്‍ കഴിയുന്ന ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ ഉള്‍പ്പെടെ മൂന്ന് എസ് യു വികളുടെ വാഹനവ്യൂഹം ഒക്‌ടോബര്‍ മൂന്നിനു ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്നു നാലു കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അക്രമത്തിലാണു രണ്ടു ബി ജെ പി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ടത്.
കര്‍ഷരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസില്‍ ആശിഷ് മിശ്രയും അമ്മാവന്‍ വീരേന്ദ്രകുമാര്‍ ശുക്ലയും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെയാണു പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കുറ്റപത്രം സമര്‍പ്പിച്ചത്. മുന്‍ രാജ്യസഭാംഗം അഖിലേഷ് ദാസിന്റെ അനന്തരവന്‍ ലഖ്നൗ സ്വദേശി അങ്കിത് ദാസും പ്രതികളില്‍ ഉള്‍പ്പെടുന്നു. ആശിഷ് മിശ്ര, വീരേന്ദ്രകുമാര്‍ ശുക്ല, അങ്കിത് ദാസ് എന്നിവരെ കൂടാതെ നന്ദന്‍ ദാസ് ഭിസ്ട്, സത്യം ത്രിപാഠി എന്ന സത്യപ്രകാശ് ത്രിപാഠി, ലത്തീഫ് എന്ന കല്ലേ, ശേഖര്‍ ഭാരതി, സുമിത് ജയ്സ്വാള്‍, ആശിഷ് പാണ്ഡെ, ലുവ്കുശ്, ശിശുപാല്‍, ഉല്ലാസ് കുമാര്‍ ത്രിവേദി എന്ന മോഹിത്കു ത്രിവേദി, റിങ്കു റാണ, ധര്‍മേന്ദ്ര കുമാര്‍ ബഞ്ചാര എന്നിവരാണു പ്രതികള്‍.
ആശിഷ് മിശ്രയ്ക്കു ഫെബ്രുവരിയില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യം അനുവദിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
അതേസമയം, നാല് കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും മരണത്തെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ രണ്ടു ബി ജെ പി പ്രവര്‍ത്തകരും ഡ്രൈവറും കൊല്ലപ്പെട്ട കേസില്‍ നാലു പേര്‍ക്കെതിരെ കോടതി ഇന്ന് കുറ്റം ചുമത്തി. വിചിത്ര സിങ്, ഗുര്‍പ്രീത് സിങ്, ഗുര്‍വിന്ദര്‍ സിങ്, കമല്‍ജീത് സിങ് എന്നിവരാണു പ്രതികള്‍. ഇവരും ജയിലിലാണ്. കേസില്‍ ജനുവരിയിലാണ് എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചത്.