കാലിഫോർണിയ: വിശ്വസിക്കാൻ സാധിക്കാത്ത നിലയിലാണ് അമേരിക്കയിലെ കാലിഫോർണിയ നഗരത്തിൽ കാട്ടുതീ പടരുന്നത്. ഇതിനോടകം ആയിരക്കണക്കിന് പേരുടെ വീടുകളാണ് തീ വിഴുങ്ങിയത്. വ്യാഴാഴ്ച രാത്രി ലോസ് ആഞ്ചലസിന്റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ നിന്നാരംഭിച്ച കാട്ടുതീ, തെക്കൻ മേഖലയായ സാന്റാ മോണിക്കയിലേക്ക് പടരുകയായിരുന്നു.

കാട്ടുതീ പടരുമെന്ന ഭീതിയിൽ ആയിരക്കണക്കിന് ആളുകളാണ് വീടുപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ചേക്കേറിയത്. ഇവരിൽ ലോകപ്രശസ്തരായ നിരവധി ആളുകളും ഉണ്ട്. പ്രളയങ്ങൾക്കും പ്രകൃതി ദുരന്തങ്ങൾക്കും വലിപ്പച്ചെറുപ്പമില്ലെന്ന വലിയ യാഥാർത്ഥ്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

ലോക പ്രശസ്ത ഗായിക ലേഡി ഗാഗ, ഹോളിവുഡ് നടിയും മോഡലുമായ കിം കർദാഷിയൻ, ഹോളിവുഡ് നടൻ റെയ്ൻ വിൽസൺ,
സംവിധായകൻ ഗ്യുലെർമോ ഡെൽ ടോറോ, ഗായിക മെലിസ എതെറിഡ്ജ് തുടങ്ങിയവരാണ് കാട്ടുതീ കാരണം വീടൊഴിഞ്ഞത്.

മാലിബുവിലെ വിട് ഒഴിയുന്നു എന്ന് വ്യക്തമാക്കി ലേഡി ഗാഗ ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്ക് വെച്ചിരുന്നു. കാലാബാസ്സിനു വേണ്ടി പ്രാർത്ഥികണമെന്നും, ഒരു മണിക്കൂറിനുള്ളിൽ സാധനങ്ങൾ പാക്ക് ചെയ്തു വീടൊഴിയാൻ പോകുകയാണ് എന്നും കുറിച്ച കിം കർദാഷിയാൻ എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കണമെന്നും ഇൻസ്റ്റഗ്രാമിൽ ആവശ്യപ്പെട്ടു.

പിന്നീട് ട്വിറ്ററിൽ കിം തന്റെ വീടിനെയും അഗ്നി ബാധിച്ച കാര്യം ദു:ഖത്തോടെ കുറിച്ചു. എന്നാൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കാറ്റ് അനുകൂലമാണെന്നും ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നുവെന്നും ട്വീറ്റിൽ വ്യക്തമാക്കി.

നടി അലിസാ മിലാനോ, തന്റെ വീടും കുട്ടികളും സുരക്ഷിതരാണെന്നും കുതിരകളെ പരിശീലകൻ രക്ഷപ്പെടുത്തിയെന്നും ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ചയോടെ കാലിഫോർണിയയിൽ കാട്ടുതീ നിയന്ത്രണ വിധേയമായി. എന്നാൽ കാട്ടുതീയിൽ 9 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. മാലിബു, മൗണ്ടൻ ടൗൺ എന്നിവിടങ്ങളിലേയും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ കാറ്റ് ശക്തമായ സാഹചര്യത്തിലാണ് പടർന്നത്. അമേരിക്ക സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കാട്ടുതീയാണ് കാലിഫോർണിയയിലേതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook