ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം ആരോപിച്ച് അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. അമിതമായ രീതിയില്‍ ഗുളികകള്‍ കഴിച്ചായിരുന്നു യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയെ ചൊവ്വാഴ്ച്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും നടന്ന പീഡനത്തിനൊടുവിലാണ് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. ഗംഗിസേട്ടി കാര്‍ത്തിക് എന്നയാളുമായി 2015ലായിരുന്നു ജയശ്രീയുടെ വിവാഹം നടന്നത്. മരിക്കുന്നതിന് മുമ്പ് ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടും ആത്മഹത്യ ചെയ്യുമെന്ന് ജയശ്രീ അറിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ചൈനയിലാണ് ഇരുവരും എം.ബി.ബി.എസ് പഠനം നടത്തിയിരുന്നത്. ഇവിടെ വെച്ചാണ് ഇരുവരും പ്രണയത്തിലായതും വിവാഹിതരാവാന്‍ തീരുമാനിച്ചതും. ഉയര്‍ന്ന ജാതിയെന്ന് പറയപ്പെടുന്ന നായിഡു സമുദായത്തില്‍ പെട്ടയാളാണ് കാര്‍ത്തിക് എന്നത് കൊണ്ട് തന്നെ വിവാഹത്തിന് എതിര്‍ത്തിരുന്നതായി ജയശ്രീയുടെ പിതാവ് ഗുരുവയ്യ പറഞ്ഞു. ജയശ്രീ താഴ്ന്ന ജാതിയെന്ന് കണക്കാക്കപ്പെടുന്ന എസ്.സി മഡിഗ സമുദായത്തില്‍ പെട്ട പെണ്‍കുട്ടിയാണ്. ജാതി വിവേചനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് കുടുംബം ആദ്യം വിവാഹത്തെ എതിര്‍ത്തത്.

എന്നാല്‍ ഇരുവരും വിദ്യാഭ്യാസമുളളവരായത് കൊണ്ട് തന്നെ ഇത്തരത്തിലുളള കാര്യങ്ങളുണ്ടാവില്ലെന്ന കാര്‍ത്തിക്കിന്റെ ഉറപ്പിനെ തുടര്‍ന്ന് വിവാഹം നടക്കുകയായിരുന്നു. വിവാഹം നടക്കുമ്പോള്‍ സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി എന്നിവ നല്‍കിയതായി ജയശ്രീയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതല്‍ കാര്‍ത്തിക് ഗുരുവയ്യയോട് നിരന്തരം പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്നം ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു. ആഡംബര ജീവിതമാണ് കാര്‍ത്തിക് നയിച്ചതെന്നും ഗുരുവയ്യ പറഞ്ഞു. പലപ്പോഴും പണം കൊടുത്തെങ്കിലും തിരിച്ച് ലഭിക്കാതെ വന്നപ്പോള്‍ താന്‍ കൊടുക്കുന്നത് നിര്‍ത്തിയതായി ഗുരുവയ്യ പറഞ്ഞു. ഇതിനെ തുടര്‍ന്ന് മകളെ ജാതി പറഞ്ഞ് പീഡിപ്പിക്കാന്‍ ആരംഭിച്ചതായി ഗുരുവയ്യ വ്യക്തമാക്കി.

ഹണിമൂണിന് പോയപ്പോള്‍ പോലും മകളെ കൊണ്ടാണ് കാര്‍ത്തിക് പണം ചെലവഴിപ്പിച്ചതെന്നും പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചോദിച്ച പണം താന്‍ നല്‍കാതെ വന്നതോടെ മകളെ കാര്‍ത്തികും വീട്ടുകാരും പീഡിപ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ വീട്ടില്‍ മകളേയും കൊണ്ട് വരാന്‍ പോലും കാര്‍ത്തിക് തയ്യാറായില്ല. ചൊവ്വാഴ്ച്ച ജോലിക്ക് പോവാതിരുന്ന ജയശ്രീ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ചതിന് ശേഷമാണ് ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാരാണ് അബോധാവസ്ഥയില്‍ ജയശ്രീയെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുവയ്യുടെ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook