/indian-express-malayalam/media/media_files/uploads/2021/07/India-China.jpg)
ന്യൂഡൽഹി: ലഡാക്കിലെ വിവിധ പ്രദേശങ്ങളിൽ ഗണ്യമായ അളവിൽ ചൈന സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി, ജനറൽ എംഎം നരവാനെ. ഈ വിഷയം ആശങ്കയുയർത്തുന്ന വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലഡാക്ക് സംഘർഷത്തെക്കുറിച്ചും സേനയെ പിൻവലിക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന പതിമൂന്നാമത് ചർച്ചകൾക്ക് മുമ്പായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
"കിഴക്കൻ ലഡാക്കിലും വടക്കൻ ഭാഗത്തും നമ്മുടെ കിഴക്കൻ കമാൻഡ് വരെ ചൈന ഗണ്യമായ എണ്ണം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തീർച്ചയായും, മുന്നോട്ടുള്ള മേഖലകളിൽ അവരുടെ വിന്യാസത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്, ഇത് നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്, ”നരവാനെ പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Also Read: തിരിച്ചടിയുമായി ഇന്ത്യ; ബ്രിട്ടീഷ് പൗരന്മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം
"അവരുടെ എല്ലാ ചലനങ്ങളും ഞങ്ങൾ പതിവായി നിരീക്ഷിക്കുന്നു. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി,ഏത് ഭീഷണിയെയും നേരിടാൻ ആവശ്യമായ ഒരുക്കങ്ങൾ ഞങ്ങൾ നടത്തുന്നു, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സൈനികരുടെ കാര്യത്തിലും. ഇപ്പോൾ, ഏത് സാഹചര്യവും നേരിടാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരവാണെ കിഴക്കൻ ലഡാക്കിലെത്തിയിട്ടുണ്ട്. പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള ദ്വിദിന സന്ദർശനത്തിനായി വെള്ളിയാഴ്ചയാണ് അദ്ദേഹം ലഡാക്കിലെത്തിയത്.
സന്ദർശനത്തിനിടെ സേനാ മേധാവി റെസാങ് ലാ യുദ്ധ സ്മാരകവും സന്ദർശിച്ചു. ഫെബ്രുവരിയിൽ ഇന്ത്യൻ-ചൈനീസ് സേനകൾ സേനാ പിന്മാറ്റം നടത്തിയ റെസാങ് ലാ, റെചിൻ ലാ എന്നീ പ്രദേശങ്ങൾക്ക് സമീപമാണ് സ്മാരകം.
രണ്ട് സേനകളും, അവരുടെ സൈന്യവും ടാങ്കുകളും, ഫെബ്രുവരി വരെ ഈ പ്രദേശത്ത് ഏതാനും നൂറ് മീറ്റർ അകലെ മാത്രമായിരുന്നു. അതിനുശേഷം, രണ്ട് പക്ഷവും ഗോഗ്ര പോസ്റ്റിൽ നിന്നും പിന്മാറ്റം ആരംഭിച്ചു, പക്ഷേ ഹോട്ട് സ്പ്രിംഗ്സ് ഒരു സംഘർഷ മേഖലയായി തുടരുന്നു.
ഹോട്ട് സ്പ്രിംഗ്സിന് പുറമേ, വടക്കുഭാഗത്തുള്ള തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡി താവളത്തിന് സമീപമുള്ള ഡെപ്സാങ് സമതലങ്ങളിലെ തങ്ങളുടെ പരമ്പരാഗത പട്രോളിംഗ് പോയിന്റുകളിലേക്ക് പോവുന്ന ഇന്ത്യൻ സൈനികരെ ചൈനീസ് സൈന്യം തടയുന്നു. ഡെംചോക്കിലും, "സിവിലിയൻസ് എന്ന് വിളിക്കപ്പെടുന്നവർ" ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിന്റെ ഇന്ത്യൻ ഭാഗത്ത് ടെന്റുകൾ കെട്ടിയിട്ടുണ്ട്.
സെപ്റ്റംബർ 16 ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയിലെ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യമന്ത്രിയുമായ വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് നേതാക്കളും കിഴക്കൻ ലഡാക്കിലെ "നിലവിലെ സാഹചര്യത്തെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറി," എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. "എന്നിരുന്നാലും പരിഹരിക്കപ്പെടേണ്ട ചില ശ്രദ്ധേയമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു," എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പന്ത്രണ്ടാം റൗണ്ട് ജൂലൈ മുപ്പത്തൊന്നിനാണ് നടന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി ഉടമ്പടി ഉണ്ടാകുന്നത് വരെ തുടരുമെന്ന് നരവാനെ നേരത്തെ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.