ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ 17 മാസം നീണ്ടുനിന്ന സംഘർഷത്തിന് പരിഹാരം കാണുന്നതിനുള്ള ഇന്ത്യ-ചൈന കോർപ്സ് കമാൻഡർ തല ചർച്ചയുടെ പതിമൂന്നാം ഘട്ടം ഞായറാഴ്ച നടക്കും. ചുഷുൽ-മോൾഡോ ബോർഡർ പേഴ്സണൽ മീറ്റിംഗ് (ബിപിഎം) പോയിന്റിൽ ചൈനീസ് ഭാഗത്താണ് കൂടിക്കാഴ്ച.
പതിനാലാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകും. സംഘത്തിൽ ഒരു നയതന്ത്ര പ്രതിനിധിയും ഉൾപ്പെടുന്നു. ചൈനയുടെ പ്രതിനിധി സംഘത്തെ സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ കമാൻഡർ മേജർ ജനറൽ ലിയു ലിൻ നയിക്കും.
പ്രദേശത്ത് ചൈന അവരുടെ ഭാഗത്ത് അടിസ്ഥാന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ചർച്ചകൾക്ക് ഒരു ദിവസം മുമ്പ് കരസേനാ മേധാവി ജനറൽ എംഎം നരവാനെ ശനിയാഴ്ച പറഞ്ഞു. ചൈന അവിടെ നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് അത് അർത്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More: അരുണാചല്‍ അതിര്‍ത്തി ലംഘിച്ച് ചൈന; സംഘര്‍ഷം
കഴിഞ്ഞ വർഷം വിന്യസിച്ച സൈന്യത്തിനും സൈനികോപകരണങ്ങൾക്കുമായി ഇരു രാജ്യങ്ങളും മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വിന്യസിക്കുന്നതിൽ അദ്ദേഹം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖ പാകിസ്താനുമായുള്ള നിയന്ത്രണരേഖപോലെയായി മാറുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇന്ത്യ എല്ലാ സംഭവവികാസങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രണ്ടാം ശൈത്യകാലത്തും ചൈനീസ് സൈന്യം അവിടെ തുടരുകയാണെങ്കിൽ, “നമ്മൾ തീർച്ചയായും ഒരു തരത്തിലുള്ള നിയന്ത്രണരേഖയിൽ ആയിരിക്കുമെന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, ഇത് “പടിഞ്ഞാറൻ അതിർത്തിയിലേത് പോലെ ഒരു സജീവ നിയന്ത്രണ രേഖ ആയിരിക്കില്ല” എന്ന് അദ്ദേഹം പറഞ്ഞു.
“തീർച്ചയായും, അവരുടെ സൈന്യത്തിന്റെ വിന്യാസത്തെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്, വീണ്ടും ഒരു പ്രശ്നത്തിലേക്ക് വീഴാതിരിക്കാൻ,” അദ്ദേഹം പറഞ്ഞു.