ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിന്ന് ചൈനീസ് സൈന്യം ഇതുവരെയും പൂർണമായും പിൻവാങ്ങിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. പ്രദേശത്ത് ചില പുരോഗതികൾ കൈവരിച്ചിട്ടുണ്ടെങ്കിലും സൈനിക പിൻമാറ്റം ഇതുവരെ പൂർണമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

“ചില പുരോഗതികൾ കൈവരിച്ചു, പക്ഷേ സൈനിക പിൻമാറ്റം ഇതുവരെ പൂർത്തിയായിട്ടില്ല. സമ്പൂർണ്ണ പിൻമാറ്റത്തിനായി ചൈനീസ് പക്ഷം ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Read More: ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പിന്തുണച്ച് അമേരിക്ക

തങ്ങളുടെ സൈന്യം ലഡാക്കിലെ മിക്ക പ്രദേശങ്ങളിൽ നിന്നും പിൻമാറിയെന്നും ചൈന ഇന്ത്യക്ക് തന്ത്രപരമായ ഭീഷണിയല്ലെന്നും ചൈനീസ് അംബാസഡർ സൺ വീഡോംഗ് പറഞ്ഞിരുന്നു.. ഇത് കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിലാണ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള പുതിയ പ്രതികരണം.

ഇരുപക്ഷവും ഭിന്നതകൾ ശരിയായി കൈകാര്യം ചെയ്യണമെന്നും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരണമെന്നും സൺ വീഡോംഗ് പറഞ്ഞു. “ഇരുരാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങൾ ഇരുപക്ഷവും മനസിലാക്കണം. സഹകരണത്തിൽ ഉറച്ചുനിൽക്കണം,” അദ്ദേഹം പറഞ്ഞു.

Read More: റഫാൽ ഇന്ത്യൻ മണ്ണിൽ, സൈനിക ചരിത്രത്തിൽ പുതുയുഗം; ചിത്രങ്ങൾ

ഇന്ത്യൻ, ചൈനീസ് സൈന്യങ്ങളുടെ കോർപ്സ് കമാൻഡർമാർ തമ്മിലുള്ള അഞ്ചാം വട്ട ചർച്ച ഈ വാരാന്ത്യത്തോടെ നടക്കാനിരിക്കുകയാണ്. ലഡാക്കിൽ ഏറ്റുമുട്ടലുണ്ടായ പംഗോംഗ് ത്സോ, ഗോഗ്രയിലെ പട്രോളിംഗ് പോയിന്റ് 17 എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പിൻമാറ്റത്തിന് ചൈനീസ് സൈന്യം വിമുഖത കാണിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അതിർത്തി പ്രശ്നങ്ങളിൽ ഏകോപനമുണ്ടാക്കുന്ന കാര്യം ചർച്ച ചെയ്യുന്നതിന് ഇന്ത്യൻ, ചൈനീസ് പ്രതിനിധികൾ കഴിഞ്ഞ വാരം ഒരു വിർച്വൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിയുന്നതും വേഗം പിൻമാറ്റം പൂർത്തിയാക്കാനാണ് ഇരു പക്ഷവും ശ്രമിക്കുന്നതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

മേയ് മാസത്തിലാണ് ലഡാക്കിൽ ഇരുപക്ഷവും സംഘർഷാവസ്ഥയിലേക്ക് നീങ്ങാൻ ആരംഭിച്ചത്. ജൂൺ 15നുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിനെത്തുടർന്ന് 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Read More: China claims troops have disengaged in most areas, India says process not yet completed

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook