മുംബൈ: കർഷകർ ആത്മഹത്യ ചെയ്യാനുളള കാരണം ആത്മീയതയുടെ കുറവു മൂലമാണെന്ന് ആർട് ഓഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ. മുംബൈയിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാരാഷ്ട്രയിൽ ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന കർഷക ആത്മഹത്യയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ”വിദർഭയിലെ 512 ഗ്രാമങ്ങളിൽ പദയാത്ര നടത്തി. ഇതിൽനിന്നു മനസ്സിലായ ഒരു കാര്യം ദാരിദ്ര്യം മാത്രമല്ല കർഷക ആത്മഹത്യയ്ക്ക് കാരണം. ആത്മീയത അവർക്ക് കുറവാണ്. അതിനാൽ ആത്മീയപാതയിൽ പ്രവർത്തിക്കുന്നവർ കർഷകരുടെ അടുത്തേക്ക് പോകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. യോഗയും പ്രാണായാമവും കർഷകരുടെ ആത്മഹത്യ പ്രവണതകളെ കുറയ്ക്കും”.

യമുന നദിയുടെ തീരത്ത് ആർട് ഓഫ് ലിവിങ് സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയെത്തുടർന്നുണ്ടായ വിവാദങ്ങളെക്കുറിച്ചും രവിശങ്കർ പ്രതികരിച്ചു. ”സത്യം വിജയം നേടും. നിയമവ്യവസ്ഥയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. തെറ്റായതൊന്നും ചെയ്തിട്ടില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിൽ ഒന്നും ചെയ്തിട്ടില്ല. യമുനയിൽനിന്നും ആർട് ഓഫ് ലിവിങ് പ്രവർത്തകർ 500 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തെന്നും” അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് യമുന തീരത്ത് ആർട് ഓഫ് ലിവിങിന്റെ നേതൃത്വത്തില്‍ ലോക സാംസ്കാരികോത്സവം നടന്നത്. നദീ തീരത്തിന് വന്‍ നാശമുണ്ടായെന്നു ചൂണ്ടിക്കാട്ടി ഗ്രീന്‍ ട്രൈബൂണല്‍ ആര്‍ട് ഓഫ് ലിവിങ്ങിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ