നാസിക്: ഉത്തർപ്രദേശിന് പിന്നാലെ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലും ഓക്സിജൻ ലഭിക്കാതെ കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഓക്സിജനും വെന്റിലേറ്ററും ഇല്ലാതിരുന്നതിനെ തുടർന്ന് 55 കുട്ടികൾ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നാസികിലെ ഗവൺമെന്റ് ആശുപത്രിയിലാണ് ആഗസ്ത് മാസത്തിൽ മാത്രം 55 കുട്ടികളുടെ മരണം രേഖപ്പെടുത്തിയത്. ഈ വർഷം ഏപ്രിൽ മുതൽ ഇതുവരെ 227 കുട്ടികൾ മരിച്ചു. “ഉത്തർപ്രദേശിലെ സ്ഥിതിയൊന്നും മഹാരാഷ്ട്രയിൽ ഇല്ല” എന്നാണ് ഇതേപ്പറ്റി ആരോഗ്യമന്ത്രി ദീപക് സാവന്ത് ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചത്.

നാസികിന്റെ പ്രാന്തപ്രദേശത്തെ ആദിവാസി വില്ലേജുകളിലെയും ഗ്രാമങ്ങളിലെയും 346 ഓളം കുട്ടികളാണ് ആശുപത്രിയിൽ കഴിഞ്ഞ മാസം പ്രവേശിപ്പിക്കപ്പെട്ടത്. ഇതിൽ 15 ശതമാനത്തിലധികവും നവജാത ശിശുക്കളായിരുന്നു.

ഏപ്രിൽ മുതൽ ഇതുവരെ നടന്ന മരണങ്ങൾക്ക് പുറകിൽ വെന്റിലേറ്ററും ആവശ്യത്തിന് ഓക്സിജൻ സിലിണ്ടറും ഇല്ലാതിരുന്നതാണ് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 3000 കുട്ടികൾ ജനിക്കുന്ന ആശുപത്രികളിൽ 16 നവജാത ശിശു തീവ്ര പരിചരണ വിഭാഗങ്ങൾ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ചട്ടം.

എന്നാൽ 6000 കുട്ടികൾ വരെ വർഷം ജനിക്കുന്ന നാസികിലെ ഈ സർക്കാർ ആശുപത്രിയിൽ ആകെ ഒരൊറ്റ തീവ്ര പരിചരണ വിഭാഗം മാത്രമാണ് നവജാത ശിശുക്കൾക്കായുള്ളത്. 21കോടിയുടെ വികസന പദ്ധതികൾ ആശുപത്രിക്കായി ഈയിടെ സർക്കാർ രൂപം നൽകിയിരുന്നു. ഇതിൽ നവജാത ശിശുക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഉണ്ടാകുമെന്നാണ് ഇതേ കുറിച്ച് ആശുപത്രിയിലെ സിവിൽ സർജൻ ഡോ.സുരേഷ് ജഗ്ഡാലെ പറഞ്ഞത്.

കുട്ടികളുടെ മരണനിരക്ക് കുത്തനെ ഉയർന്നത് പരിശോധിക്കാൻ ചേർന്ന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യത്തിൽ ഉത്തർപ്രദേശിന് സമാനമായ അവസ്ഥ മഹാരാഷ്ട്രയിലില്ലെന്ന് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ