ന്യൂഡല്‍ഹി: ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി സുസ്ഥിരമെങ്കിലും പ്രവചനാതീതമാണെന്നു കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. അതിര്‍ത്തിയില്‍ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് ആകസ്മിക സാഹചര്യവും നേരിടാന്‍ ആവശ്യമായ സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരസേനാ ദിനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട ഏഴു പ്രശ്‌നങ്ങളില്‍ അഞ്ചെണ്ണം പരിഹരിക്കാനും സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരാനും ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനുവരി 15നാണു കരസേനാ ദിനം.
കിഴക്കന്‍ മേഖലയില്‍ ചൈനീസ് സൈനികരുടെ വിന്യാസത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഏതു സാഹചര്യവും നേരിടാനാവശ്യമായ റിസര്‍വിലുള്ളവര്‍ ഉള്‍പ്പെടെയുള്ള സൈനികരെ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള എതിരാളിയുടെ ശ്രമങ്ങളെ തടയാന്‍ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു കഴിഞ്ഞു. ദോക്ലാമിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഡുകള്‍, പാലങ്ങള്‍, തുരങ്കങ്ങള്‍, സൈനികര്‍ക്കായി ചൂട് ഉറപ്പാക്കുന്ന ഷെല്‍ട്ടറുകള്‍, താമസസൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യ നടത്തിയ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കിഴക്കന്‍ ലഡാക്കില്‍ താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിന് 1300 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു.
2021 ഫെബ്രുവരിയിലെ വെടിനിര്‍ത്തല്‍ കരാറിനെത്തടര്‍ന്ന് അക്രമങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി ജമ്മു കശ്മീരിലെയും നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികളെക്കുറിച്ച് പറയവെ ജനറല്‍ മനോജ് പാണ്ഡെ ചൂണ്ടിക്കാട്ടി. എങ്കിലും, തീവ്രവാദത്തിനും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്കും അതിര്‍ത്തി കടന്നുള്ള പിന്തുണ ഇപ്പോഴും ഒരു പ്രശ്‌നമായി തുടരുകയാണ്. പിര്‍ പാഞ്ചല്‍ മേഖലയുടെ തെക്കുഭാഗങ്ങളില്‍ ഇതു കൂടുതല്‍ പ്രകടമാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം തിരിച്ചെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.