ഹൈദരാബാദ്: ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട മകൻ പരിപാലിക്കാൻ പണമില്ലാത്തതിനാൽ തളർന്നു കിടക്കുകയായിരുന്ന അമ്മയെ തീ കൊളുത്തി കൊന്നു. ഉറക്കത്തിലായിരുന്ന അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദിൽനിന്നും 120 കിലോമീറ്റർ അകലെയുളള നാൽഗൊണ്ടയിലെ നർസിങ്ബാറ്റ്‌ല ഗ്രാമത്തിലാണ് സംഭവം. അമ്മയെ നോക്കാൻ തനിക്കിനി കഴിയില്ലെന്ന് പ്രതി തിരുമല ലിംഗസ്വാമി (45) സഹോദരിമാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായുളള തിരച്ചിൽ പൊലീസ് തുടരുകയാണ്.

അഞ്ചു വർഷങ്ങൾക്കു മുൻപുണ്ടായ വീഴ്ചയിൽ ഹിപ് ബോണിനേറ്റ ക്ഷതത്തെ തുടർന്ന് ടി.ശാന്തമ്മ (65) കിടപ്പിലായിരുന്നു. ലിംഗസ്വാമിയും മൂന്ന് സഹോദരിമാരും ചേർന്ന് അമ്മയെ പരിചരിക്കാൻ ഒരു സ്ത്രീയെ നിയമിച്ചിരുന്നു. ലോക്ക്ഡൗൺ സമയത്ത് ശമ്പളം ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച് അവർ ജോലിക്ക് വരുന്നത് അടുത്തിടെ നിർത്തി. സമീപവാസികൾ ശാന്തമ്മയ്ക്ക് ഭക്ഷണം നൽകിയിരുന്നുവെങ്കിലും മറ്റു സഹായങ്ങളൊന്നും ചെയ്തിരുന്നില്ല.

”സമീപഗ്രാമത്തിൽ താമസിക്കുന്ന മകൾ ആഴ്ചയിൽ ഒരിക്കലെത്തിയാണ് അവരെ കുളിപ്പിച്ചിരുന്നത്. മറ്റു സമയങ്ങളിലെല്ലാം വൃദ്ധയായ സ്ത്രീ ഒറ്റയ്ക്കായിരുന്നു. ആരും സഹായത്തിന് ഉണ്ടായിരുന്നില്ല,” നൽഗൊണ്ട റൂറൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാജേശ്വർ റെഡ്ഡി പറഞ്ഞു.

Read Also: ലോകത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു; മരണസംഖ്യ മൂന്നരലക്ഷത്തിന് മുകളിൽ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലിംഗസ്വാമി കൺസ്ട്രക്ഷൻ സൈറ്റിൽ കുറച്ചുനാൾ താമസിച്ചു. പിന്നീട് നാട്ടിലേക്ക് മടങ്ങി. ലോക്ക്ഡൗൺ കാരണം ജോലിക്കാരിയോ സഹോദരിമാരോ അമ്മയെ നോക്കാൻ വരാറില്ലെന്ന് മനസ്സിലാക്കി. കിടപ്പിലായ അമ്മയെ നോക്കാൻ തനിക്ക് കഴിയാത്തതിനാലും മറ്റൊരു ജോലിക്കാരിയെ വയ്ക്കാൻ പണമില്ലാത്തതിനാലും ഏപ്രിൽ ആദ്യവാരം ലിംഗസ്വാമി ഹൈദരാബാദിലേക്ക് മടങ്ങിയെത്തി. മേയ് 5 ന് തെലങ്കാന സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ തിരിച്ച് ഗ്രാമത്തിലെത്തി. അമ്മയെ പരിചരിച്ചിരുന്ന സ്ത്രീയെ ജോലിക്കായി വിളിച്ചുവെങ്കിലും അവർ വരാൻ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് വീട് വിൽക്കാൻ ലിംഗസ്വാമി അമ്മയെ നിർബന്ധിച്ചിരുന്നതായി സഹോദരിമാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ”അയാളുടെ കയ്യിൽ പണമുണ്ടായിരുന്നില്ലെന്ന് സഹോദരിമാർ പറഞ്ഞു. ലോക്ക്ഡൗണിൽ കയ്യിലിരുന്ന പണമെല്ലാം ചെലവായി. വീട് വിൽക്കാൻ അമ്മയോട് പറയണമെന്ന് അയാൾ സഹോദരിമാരെ നിർബന്ധിച്ചിരുന്നു. അമ്മയെ പരിചരിക്കാൻ കഴിയാത്തതിനാലും വീട് വിൽക്കാൻ വിസമ്മതിച്ചതിനാലുമായിരിക്കാം അയാൾ കുറ്റകൃത്യം ചെയ്തതെന്ന് സഹോദരിമാർ പറഞ്ഞു. വീട് വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് അമ്മയെ പരിചരിക്കാനാണോ അയാൾ ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമല്ല,” ഒരു പൊലീസ് ഓഫീസർ പറഞ്ഞു. ”വിവാഹ ജീവിത പ്രശ്നങ്ങളാണോ അയാളെ കുറ്റകൃത്യത്തിലേക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. അടുത്തിടെ അയാളെ ഉപേക്ഷിച്ച് രണ്ടു വയസ്സുളള കുട്ടിയുമായി ഭാര്യ പോയിരുന്നു. ലോക്ക്ഡൗണിൽ അയാൾ അമിതമായി മദ്യപിച്ചിരുന്നതായി സഹോദരിമാർ പറഞ്ഞു” ഓഫീസർ വ്യക്തമാക്കി.

Read in English: Labourer sets bedridden mother on fire, had no money to take care of her: Telangana cops

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook