കടം വാങ്ങിയ 200 രൂപയ്ക്ക് ലോട്ടറി എടുത്ത കൂലിപ്പണിക്കാരന് 1.5 കോടി രൂപ ലോട്ടറി അടിച്ചു

‘എന്റെ ഇളയ മകള്‍ക്ക് നഴ്സ് ആവാനായിരുന്നു ആഗ്രഹം. എന്നാല്‍ ഞാന്‍ ഇനി അവളെ ഒരു ഡോക്ടറാക്കും’, മനോജ്

ഛണ്ഡിഗഡ്: ഭാഗ്യം തേടി ലക്ഷക്കണക്കിന് പേരാണ് ഓരോ ദിവസവും ലോട്ടറി എടുക്കുന്നത്. എന്നാല്‍ വളരെ ചുരുക്കം ചിലരെ മാത്രമാണ് ഭാഗ്യദേവത കടാക്ഷിക്കാറുളളത്. എന്നാല്‍ 200 രൂപ കടംവാങ്ങി ലോട്ടറി എടുത്ത പഞ്ചാബ് സ്വദേശിക്ക് 1.5 കോടി രൂപയാണ് ലോട്ടറി അടിച്ചത്. സംഗ്രൂര്‍ ജില്ലയിലെ മാണ്ഡ്വി ഗ്രാമത്തില്‍ നിന്നുളള മനോജ് കുമാറിനാണ് ലോട്ടറി അടിച്ചത്. ഓഗസ്റ്റ് 29ന് പഞ്ചാബ് സര്‍ക്കാരിന്റെ ലോട്ടറിയുടെ വിജയിയെ പ്രഖ്യാപിച്ചപ്പോഴാണ് താന്‍ കോടിപതിയായ വിവരം മനോജ് അറിയുന്നത്.

കൂലിപ്പണിക്കാരനായ തനിക്ക് 250 രൂപയില്‍ കൂടുതല്‍ ദിനംപ്രതി കൂലി ലഭിക്കാറില്ലെന്ന് മനോജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എന്റെ അച്ഛന്‍ മരണപ്പെട്ടതിന് ശേഷം ഇഷ്ടിക ചൂളയിലാണ് ഞാന്‍ പണിക്ക് പോവുന്നത്. ദിവസവും ജോലി സമയത്തേക്കാള്‍ കൂടുതല്‍ ജോലി ചെയ്താലും 250 രൂപയില്‍ കൂടുതല്‍ സമ്പാദിക്കാന്‍ കഴിയാറില്ല. ഒരു ഇഷ്ടികയ്ക്ക് 50 പൈസ വച്ചാണ് ലഭിക്കാറുളളത്. പണമില്ലാത്തത് കൊണ്ടാണ് അയല്‍വാസിയോട് കടം വാങ്ങിച്ച 200 രൂപയ്ക്ക് ലോട്ടറി എടുത്തത്’, മനോജ് പറഞ്ഞു. ഒരു പ്രാദേശിക പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ് മനോജിന് ലോട്ടറി അടിച്ച വിവരം വീട്ടിലെത്തി അറിയിച്ചത്.

വിവരം അറിഞ്ഞ് അത്ഭുതപ്പെട്ട് പോയതായി മനോജിന്റെ ഭാര്യ രാജ് കൗര്‍ പറഞ്ഞു. ‘ഭര്‍ത്താവിനോട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരന്‍ സംസാരിക്കുന്നത് കണ്ടിരുന്നു. എന്തെങ്കിലും നാട്ടുവിശേഷം പറയുകയായിരിക്കും എന്നാണ് കരുതിയത്. പിന്നെയാണ് ഇരുവരും പത്രമെടുത്ത് ലോട്ടറി ടിക്കറ്റ് പരിശോധിക്കുന്നത് കണ്ടത്. ലോട്ടറി അടിച്ചെന്ന് അപ്പോഴാണ് അറിഞ്ഞത്. ആശ്ചര്യപ്പെട്ട നിമിഷമായിരുന്നു അത്’, കൗര്‍ പറഞ്ഞു.

ലോട്ടറിയും മറ്റ് രേഖകളും മനോജ് സമര്‍പ്പിച്ചിട്ടുണ്ട്. വസ്തു ഇടപാടുകാരും ബാങ്കുകാരും ഇപ്പോള്‍ തന്നെ സമീപിക്കുന്നുണ്ടെന്ന് മനോജ് വ്യക്തമാക്കി. പുതിയ ഒരു വീട് വച്ച് എന്തെങ്കിലും ബിസിനസ് ചെയ്യാനാണ് അദ്ദേഹത്തിന്റെ പദ്ധതി. ‘എന്റെ ഇളയ മകള്‍ക്ക് നഴ്സ് ആവാനായിരുന്നു ആഗ്രഹം. എന്നാല്‍ ഞാന്‍ ഇനി അവളെ ഒരു ഡോക്ടറാക്കും’, മനോജ് പറഞ്ഞു. ടയര്‍ പഞ്ചര്‍ ഒട്ടിച്ച് ജീവിച്ചിരുന്ന മനോജിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ലോട്ടറി നേരത്തേ അടിച്ചിരുന്നെങ്കില്‍ അച്ഛന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമായിരുന്നെന്ന് മനോജ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Labourer borrows rs 200 for lottery wins rs 1 5 crore

Next Story
രഞ്ജന്‍ ഗോഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതിയുടെ ഉത്തരവ്CJI, Chief Justice, Ranjan Gogoi, Chief Justice Ranjan Gogoi, Supreme Court Chief Justice, Deepak Mishra
The moderation of comments is automated and not cleared manually by malayalam.indianexpress.com