ന്യൂഡൽഹി: എല്ലാ വ്യവസായ മേഖലകളിലും സ്ഥിരം തൊഴിലിന് കേന്ദ്ര സർക്കാർ അന്ത്യം കുറിച്ചു. എല്ലായിടത്തും കരാർ തൊഴിലും നിശ്ചിത കാലാവധി തൊഴിലും അനുവദിച്ചുകൊണ്ടുളളതാണ് പുതിയ തീരുമാനം.
നിലവിലുളള സ്ഥിരം തൊഴിലാളികളെ കരാർ തൊഴിലാളികളാക്കാൻ അനുമതി നൽകിയിട്ടില്ല. ഭക്ഷ്യ സംസ്കരണം, തുകൽ വ്യവസായം വസ്ത്ര നിർമ്മാണം എന്നീ മേഖലകളിൽ മാത്രം അനുവദിച്ചിരുന്ന നിശ്ചിത കാലാവധി തൊഴിലാണ് ഇതോടെ എല്ലാ വ്യവസായ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.
തൊഴിലുടമയ്ക്ക് നേരിട്ട് നിശ്ചിത കാലാവധി തൊഴിലാളിയെ നിയമിക്കാനാവും. 1946 ലെ വ്യവസായ തൊഴിൽ നിയമം ഭേദഗതി ചെയ്താണ് ഉത്തരവ് ഇറക്കിയത്. ഫാക്ടറികളിലെയും മറ്റ് തൊഴിലിടങ്ങളിലെയും സ്ഥിരം സ്വഭാവമുളള തൊഴിലുകളിൽ ഇനി മുതൽ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയമിക്കാനാവുമെന്നതാണ് ഇതിന്റെ അനന്തര ഫലം.
നിശ്ചിത കാലാവധി തൊഴിലിന് തൊഴിലുടമയും തൊഴിലാളിയും തമ്മിൽ കരാർ ഉണ്ടാക്കണം. തൊഴിൽ, വേതനം, ആനുകൂല്യം എന്നിവയുടെ കാര്യത്തിൽ സ്ഥിരം തൊഴിലാളിക്കും നിശ്ചിത കാലാവധി തൊഴിലാളിക്കും തുല്യതയുണ്ടാകും.
നിശ്ചിത കാലാവധിക്ക് ശേഷം കരാർ പുതുക്കണമെന്ന് നിർബന്ധമില്ല. ഇതിന് പുറമേ മൂന്ന് മാസം സേവനം പൂർത്തിയാക്കുന്നവരെ പിരിച്ചുവിടാനും തൊഴിലുടമയ്ക്ക് അർഹതയുണ്ട്. ഇതിന് രണ്ടാഴ്ചത്തെ നോട്ടീസ് നൽകി ജീവനക്കാരെ പിരിച്ചുവിടാം.
സർക്കാർ നിലപാടിനെതിരെ ബിഎംഎസ് രംഗത്ത് വന്നു. നിയമഭേദഗതി പാർലമെന്റിൽ ചർച്ച ചെയ്യാതെ സർക്കാർ ഉത്തരവായി നടപ്പിൽ വരുത്തുകയായിരുന്നു. വ്യവസായ ലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇക്കാര്യത്തിൽ കേന്ദ്രം കടുത്ത തീരുമാനം എടുത്തതെന്നാണ് ആരോപണം.