ന്യൂഡൽഹി: കുവൈത്ത്​ ജയിലിൽ വധശിക്ഷ കാത്തു കിടന്ന 15 ഇന്ത്യക്കാരു​ടെ ശിക്ഷ ജീവപര്യന്തമാക്കി കുവൈത്ത്​ അമീർ ഇളവു ചെയ്​തതായി വിദേശകാര്യമന്ത്രി സുഷമസ്വരാജ്​ അറിയിച്ചു. 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷയും ഇളവു ​ചെയ്​തിട്ടുണ്ട്​. ഇന്ത്യക്കാരുടെ ശിക്ഷ ഇളവു ചെയ്​ത കു​വൈത്ത്​ അമീറിന്​ സുഷമ സ്വരാജ്​ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം നല്‍കുമെന്നും അറിയിച്ചു വിദേശകാര്യ മന്ത്രാലയം . മലയാളികളടക്കമുള്ള 119 തടവുകാര്‍ക്ക് ഇതോടെ മോചനമാകും. എത്ര മലയാളികൾ കുവൈത്തിൽ ജയിലിലുണ്ടെന്ന് വ്യക്തമല്ല.

വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 290 ഇന്ത്യക്കാര്‍ കുവൈത്തിലെ ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ-കുവൈത്ത് തടവുകാരുടെ കൈമാറ്റക്കരാര്‍ കുവൈത്ത് പാര്‍ലമെന്റ് 2015 ല്‍ അംഗീകരിച്ചിരുന്നു. ഇന്ത്യന്‍ തടവുകാര്‍ക്ക് സ്വന്തം രാജ്യത്ത് ജയിലില്‍ ശേഷിക്കുന്ന ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കാമെന്നതാണ് കരാര്‍.

145 ഇന്ത്യക്കാരെ വിട്ടയക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയും തീരുമാനിച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യപ്രകാരമായിരുന്നു ഈ പ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ