ലഖ്‌നൗ: “ഞങ്ങൾ ആർത്തുവിളിച്ചു, പക്ഷെ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നു,” ഒൻപത് വയസ് മാത്രം പ്രായമായ കൃഷ്ണ വർമയുടെ മൊഴിയാണിത്. ഉത്തർപ്രദേശിൽ ലെവൽക്രോസിൽ വാനിൽ തീവണ്ടിയിടിച്ച് പരിക്കേറ്റ കുട്ടികളിൽ ഒരാളാണ് കൃഷ്ണ.

അപകടത്തിന്റെ യഥാർത്ഥ കാരണത്തിലേക്ക് വെളിച്ചം വീശുന്ന തെളിവായി ഈ മൊഴി മാറി. അപകടത്തിൽ 13 കുട്ടികളാണ് മരിച്ചത്. വാനിന്റെ ഡ്രൈവറടക്കം എട്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം ഇപ്പോൾ ചികിത്സയിലാണ്. അതേസമയം വാനിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന തരത്തിൽ കൃഷ്ണ നൽകിയ മൊഴി നിർണ്ണായകമായി.

പരിക്കേറ്റവരെല്ലാം ഗോരഖ്‌പൂരിലെ ബാബ രാഘവ് ദാസ് മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് ഉളളത്. അപകടം നടന്ന സ്ഥലത്തേക്ക് ഇവിടെ നിന്ന് 50 കിലോമീറ്റർ ദൂരമുണ്ട്. നിർണ്ണായക മൊഴി നൽകിയ കൃഷ്ണയുടെ സഹോദരി തലയ്ക്ക് മാരകമായ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ