ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക ക്യാംപിനുനേരെ ഭീകരാക്രമണം. നിയന്ത്രണരേഖയോട് അടുത്തുളള കു‌പ്‌വാര ജില്ലയിലെ സൈനിക ക്യാംപിനുനേരെ ഇന്നു പുലർച്ചെ നാലു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മൂന്നു സൈനികർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ സേനാ ഉദ്യോഗസ്ഥനാണ്. ആക്രമണത്തിൽ നാലു സൈനികർക്ക് പരുക്കേറ്റു. ഇവരെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്.

സൈനിക ക്യാംപിനുള്ളിലേക്കു കടന്ന ഭീകരർ വെടിവയ്ക്കുകയായിരുന്നു. സൈന്യവും തിരിച്ചടിച്ചു. മണിക്കൂറുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. നാലു മണിക്കൂറോളം ഭീകരരും സൈന്യവും തമ്മിൽ വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.

ഇനിയും രണ്ടു ഭീകരർ സ്ഥലത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇവർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ വർഷമുണ്ടായ ഉറി ആക്രമണത്തിനു സമാനമായ ആക്രമണമാണ് ഇന്നും ഉണ്ടായത്. ഉറി ആക്രമണത്തിൽ 19 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉത്തതതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. കശ്മീരിലെ ക്രമസമാധാന നിലയെക്കുറിച്ചും അടുത്തിടെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.

നിയന്ത്രണരേഖയോട് അടുത്താണ് കുപ്‌വാരയിലെ സൈനിക ക്യാംപുളളത്. ഭീകരർ ക്യാംപിലേക്ക് നുഴഞ്ഞു കയറിയത് എങ്ങനെയെന്ന് വ്യക്തമല്ല. വേനൽക്കാലമായതിനാൽ ഭീകരർക്ക് നിയന്ത്രണരേഖയിലൂടെ നുഴഞ്ഞു കയറാൻ എളുപ്പം സാധിക്കും. ഇതും സൈന്യത്തെ വലയ്ക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ