ബെംഗളൂരു: കർഷകർക്ക് ആശ്വാസമേകി കർണാടക സഖ്യ സർക്കാരിന്റെ ആദ്യ ബജറ്റ്. 34000 കോടി രൂപയുടെ കാർഷിക വായ്‌പകൾ എഴുതി തളളുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. കോൺഗ്രസ് -ജെഡിഎസ് സർക്കാരിന്‍റെ ആദ്യ ബജറ്റാണ് വിധാൻ സൗദിൽ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അവതരിപ്പിച്ചത്.

ആദ്യഘട്ടത്തിൽ 2017 ഡിസംബര്‍ 31 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളാനാണ് സര്‍ക്കാരിന്റെ തീരുമാനം. രണ്ട് ലക്ഷവും അതിന് താഴെയുമുള്ള വായ്‌പ തുകയാണ് എഴുതിത്തള്ളുന്നത്. തിരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലെത്തിയാൽ കാർഷിക വായ്‌പകൾ എഴുതി തളളുമെന്നത് ജെഡിഎസിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു.

വായ്‌പ കൃത്യമായി അടച്ച കര്‍ഷകര്‍ക്ക് അടച്ച തുക തിരിച്ചുനല്‍കാനോ അല്ലെങ്കില്‍ 25000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനോ തീരുമാനിച്ചതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കാർഷിക വായ്‌പകൾ എഴുതി തളളുന്നതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത മറികടക്കാൻ പെട്രോള്‍ ഡീസല്‍ നികുതി രണ്ട് ശതമാനം വർധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഒരു രൂപ പതിനാല് പൈസയും ഡീസലിന് ഒരു രൂപ പന്ത്രണ്ട് പൈസയും കൂടും. മദ്യത്തിന്റെ എക്സൈസ് തീരുവ നാല് ശതമാനം കൂട്ടി.

നഗരത്തിലെ പ്രധാന പ്രശ്‌നമായി മാലിന്യ സംസ്‌കരണത്തിനും ബജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനും മാലിന്യ സംസ്കരണത്തിനുമുള്ള പദ്ധതികള്‍ക്കായി 4,957 കോടി രൂപ പ്രഖ്യാപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ