scorecardresearch

ക്ലൈമാക്‌സിലെത്താതെ കര്‍’നാടകം’; വിശ്വാസവോട്ടെടുപ്പ് ഇന്നും ഇല്ല

ഗവർണർ നല്‍കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നുവെന്ന് കുമാരസ്വാമി

ക്ലൈമാക്‌സിലെത്താതെ കര്‍’നാടകം’; വിശ്വാസവോട്ടെടുപ്പ് ഇന്നും ഇല്ല

ബംഗളൂരു: കര്‍ണാടക വിശ്വാസ വോട്ടെടുപ്പ് ഇന്നും നടക്കില്ല. സ്പീക്കര്‍ സഭ നാളെ രാവിലെ 11 മണിവരെ പിരിച്ചു വിട്ടു. വോട്ടെടുപ്പ് ഇന്ന് തന്നെ നടക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി രണ്ട് തവണ സമയപരിധി നല്‍കിയിരുന്നതുമാണ്. എന്നാല്‍ രണ്ട് പരിധികളും കഴിഞ്ഞിട്ടും വോട്ടെടുപ്പ് നടന്നില്ല.

വോട്ടെടുപ്പ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നടത്താനാകൂ എന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ നിലപാട്. ചര്‍ച്ച തിങ്കളാഴ്ചയെ അവസാനിക്കൂ എന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നത്.

നേരത്തെ ഇനിയും എത്ര സമയം വേണമെന്ന് സ്പീക്കര്‍ ചോദിച്ചിരുന്നു. ഇനിയും എത്ര പേര്‍ക്കാണ് സംസാരിക്കാനുള്ളതെന്നും എത്ര സമയം വേണ്ടി വരുമെന്നും സ്പീക്കര്‍ ചോദിച്ചിരുന്നു. ആറ് മണിയായിരുന്നു ഗവര്‍ണര്‍ നല്‍കിയ രണ്ടാമത്തെ ഡെഡ് ലൈന്‍.

എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാനുള്ള അവസരം നല്‍കണമെന്നും കൂടാതെ എല്ലാ എംഎല്‍എമാര്‍ക്കും സ്വന്തം മണ്ഡലത്തില്‍ പോയി വരണമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഇതോടെ തിങ്കളാഴ്ച മാത്രമേ സെഷന്‍ അവസാനിപ്പിക്കാനാകൂവെന്നും കുമാരസ്വാമി പറഞ്ഞു.

നേരത്തെ ഗവർണർക്കെതിരെ വിമർശനവുമായി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. താന്‍ പ്രവര്‍ത്തിക്കുന്നത് ഡല്‍ഹിയില്‍ നിന്ന് ആരും നിര്‍ദ്ദേശം നല്‍കിയിട്ടല്ല എന്നാണ് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞത്. വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടതിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.

‘എനിക്ക് ഗവര്‍ണറോട് ബഹുമാനമുണ്ട്. പക്ഷേ, അദ്ദേഹം നല്‍കിയ രണ്ടാമത്തെ പ്രേമലേഖനം എന്നെ വേദനിപ്പിക്കുന്നു. ഇപ്പോള്‍ മാത്രമാണോ കുതിരക്കച്ചവടത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്?’ഇന്ന് വൈകുന്നേരം ആറുമണിക്ക് മുമ്പായി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ സന്ദേശം വായിച്ച് കുമാരസ്വാമി പ്രതികരിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kumaraswamy says session could be concluded on monday