ബെംഗളൂരു: ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെല്ലാം എത്തിയിരുന്നു. ബിജെപിക്ക് എതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ പ്രഖ്യാപനം പോലെയായിരുന്നു വേദി.

യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി, മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമത ബാനർജി, ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‌രിവാൾ, യുപി മുൻമുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, ആർഎൽഡി സ്ഥാപകൻ അജിത് സിങ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, എൻസിപി ദേശീയാധ്യക്ഷൻ ശരദ് പവാർ തുടങ്ങി നേതാക്കളെല്ലാം ചടങ്ങിനെത്തി. പക്ഷേ ചടങ്ങിനെത്തിയ മമത ബാനർജി അത്ര സന്തോഷവതിയായിരുന്നില്ല.

വേദിയിലെത്തിയ മമത കർണാടക പൊലീസ് മേധാവി നീലമണി രാജുവിനോട് ദേഷ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെ കാരണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. വഴിയിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നതിനാൽ വേദിക്ക് സമീപം മമതയുടെ കാറിന് എത്താനായില്ല. ഒടുവിൽ കാറിൽ നിന്നിറങ്ങി കുറച്ചു ദൂരം നടന്നാണ് മമത എത്തിയത്. പൊലീസിനുണ്ടായ വീഴ്‌ചയാണ് വാഹനങ്ങൾ ശരിയായ രീതിയിൽ പാർക്ക് ചെയ്യാതിരുന്നതിന് കാരണമെന്നാണ് മമത പൊലീസ് മേധാവിയെ അറിയിച്ചത്. എഎൻഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മമത മാത്രമല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും എഎപി നേതാക്കളും നടന്നാണ് സത്യപ്രതിജ്ഞ നടക്കുന്ന വേദിയിലേക്ക് എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook