scorecardresearch
Latest News

‘സുപ്രീം കോടതി വിധിയോ?’ മാധ്യമപ്രവര്‍ത്തകരോട് മിണ്ടാതെ കുമാരസ്വാമി

മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഒന്നും പറയാനില്ലെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് കുമാരസ്വാമി കാറിനകത്തേക്ക് പ്രവേശിച്ച് വാതിലടച്ചു

‘സുപ്രീം കോടതി വിധിയോ?’ മാധ്യമപ്രവര്‍ത്തകരോട് മിണ്ടാതെ കുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. കര്‍ണാടക വിഷയത്തിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ കുമാരസ്വാമിയോട് പ്രതികരണം ആവശ്യപ്പെട്ടത്. എന്നാല്‍, ഒന്നും മിണ്ടാതെ അദ്ദേഹം വാഹനത്തിലേക്ക് കയറി.

മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതി വിധിയെ കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഒന്നും പറയാനില്ലെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് കുമാരസ്വാമി കാറിനകത്തേക്ക് പ്രവേശിച്ച് വാതിലടച്ചു. സുപ്രീം കോടതി വിധി വരുന്നതിന് മുന്‍പ് കുമാരസ്വാമി പ്രാര്‍ഥനകളും പൂജകളും നടത്തിയിരുന്നു. ശങ്കരാപുരം ശ്രീ ശ്രിങ്കേരിശങ്കര ക്ഷേത്രത്തിലെത്തിയാണ് കുമാരസ്വാമി പൂജകള്‍ നടത്തിയത്.

വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് വിമത എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സുപ്രീം കോടതിക്ക് സാധിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അധികാരം നഷ്ടപ്പെടുമെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിക്ക് സഭയിലെ ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷം ഇല്ലെങ്കില്‍ അദ്ദേഹം രാജിവയ്ക്കുക തന്നെ വേണമെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പ പറഞ്ഞു. സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഭരണഘടനയുടെ വിജയമാണിത്. വിമത എംഎല്‍എമാരും വിജയിച്ചിരിക്കുന്നു എന്നും യെഡിയൂരപ്പ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഈ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കില്ലെന്നും നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു.

Read Also: കുമാരസ്വാമി പുറത്താകും; നിയമസഭയില്‍ ബിജെപി വിജയിക്കും: ബി.എസ്.യെഡിയൂരപ്പ

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു എന്ന് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാറും പ്രതികരിച്ചു. ഭരണഘടനയ്ക്ക് വിധേയമായി മാത്രമേ അന്തിമ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ എന്നും സ്പീക്കര്‍ പറഞ്ഞു.

നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും. വിമത എംഎല്‍എമാരുടെ നിലപാട് ഏറെ സുപ്രധാനമാണ്. എന്നാല്‍, വിമത എംഎല്‍എമാര്‍ നിയമസഭയില്‍ എത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനായി എത്തണമെന്ന് വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് രാജിവച്ചത് 15 എംഎല്‍എമാരാണ്. ഇവര്‍ പൂര്‍ണമായും വിട്ടുനിന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥ വരും. സഭയില്‍ ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താകും.

വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് നിയമസഭയില്‍ അറിയിച്ചത് മുഖ്യമന്ത്രി കുമാരസ്വാമി തന്നെയാണ്. തനിക്ക് അധികാരത്തില്‍ പിടിച്ചുതൂങ്ങി നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് നടത്താമെന്നും കുമാരസ്വാമി നിയമസഭയില്‍ പറയുകയായിരുന്നു. നാളെ 11.30 നാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Kumaraswamy no respond to media about karnataka supreme court verdict