ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുമന്ത്രിസഭ അടുത്ത 24 മണിക്കൂറിനകം താഴെ വീഴുമെന്ന് ബിജെപി എംഎല്‍എ ആയ ഉമേഷ് കട്ടി. മുന്‍മന്ത്രിയും എട്ട് തവണ ബിജെപി എംഎല്‍എയും ആയിരുന്ന ഉമേഷ് ബെല്‍ഗാമിലാണ് സര്‍ക്കാര്‍ താഴെ വീഴുമെന്ന് പറഞ്ഞത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെഡിയൂരപ്പയുടെ അദ്ധ്യക്ഷതയിലുളള യോഗം തുടങ്ങുന്നതിന് അല്‍പം മുമ്പായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം.

’15 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്. അവര്‍ പുറത്ത് പോകുന്നതോടെ കുമാരസ്വാമി സര്‍ക്കാര്‍ 24 മണിക്കൂറിനകം താഴെ വീഴും. അടുത്ത ആഴ്ച്ചയോടെ ഇവിടെ ബിജെപി സര്‍ക്കാര്‍ ഭരിക്കും,’ ഉമേഷ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ യെഡിയൂരപ്പ നേരെ വിപരീതമായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. സര്‍ക്കാരിനെ താഴെ ഇറക്കാനുളള ശ്രമമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘സര്‍ക്കാരിനെ വീഴ്ത്താനുളള ആഗ്രഹമില്ല. ഞങ്ങള്‍ പ്രതിപക്ഷത്താണ് ഉളളത്. ഇവിടെ തന്നെ തുടരും,’ യെഡിയൂരപ്പ പറഞ്ഞു. ബി.ജെ.പിയുടേത് വ്യാജ പ്രചരണമാണെന്നും സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള ശക്തിയൊന്നും ബി.ജെ.പിക്ക് ഇല്ലെന്നുമായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേഷ് ഗുണ്ടുവിന്റെ പ്രതികരണം.

സര്‍ക്കാരിനെ താഴെയിറക്കാമെന്ന ഉമേഷ് കട്ടിയുടെ മോഹം വിലപ്പോവില്ലെന്നും 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ താഴെപ്പോയില്ലെങ്കില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഉമേഷ് കട്ടി തയ്യാറാകണമെന്നും ദിനേഷ് ഗുണ്ടു ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച്ച മന്ത്രിസഭ വിപുലീകരിച്ചതിന് പിന്നാലെ ചില എംഎല്‍എമാര്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതില്‍ എട്ടോളം കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിവരമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ