ന്യൂഡൽഹി: പാര്‍ട്ടിയിലുള്ള ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നെന്ന ആരോപണം ഉന്നയിച്ചതിന് മിനുറ്റുകള്‍ക്കകം ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്ത്. ക്യാമറയ്ക്ക് മുമ്പില്‍ പരാതികള്‍ വിളമ്പുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്ന് സിസോദിയ വിമര്‍ശിച്ചു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന ഊഹാപോഹങ്ങളെ തള്ളി വിശ്വാസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രവര്‍ത്തകനായി മാത്രം തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് സിസോദിയയോടും കേജ്രിവാളിനോടും പറഞ്ഞിരുന്നതായും അദ്ദേഹം പറഞ്ഞു.
മറ്റു ചില എഎപി എംഎൽഎമാർക്കൊപ്പം കുമാർ വിശ്വാസ് ബിജെപിയിലേക്കു ചേക്കേറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നും വിശ്വാസ് പറയുന്നു.