ഇസ്ലാമാബാദ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സൂം ഷരീഫിന് തൊണ്ടയില്‍ ക്യാന്‍സര്‍ എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പരിശോധനയ്ക്കായി ലണ്ടണില്‍ പോയപ്പോഴാണ് ക്യാന്‍സര്‍ രോഗനിര്‍ണയം നടത്തിയത്. എന്നാല്‍ ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റാവുന്ന ഘട്ടത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി നവാസ് ഷരീഫിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി സെനറ്റര്‍ ഡോക്ടര്‍ ആസിഫ് കര്‍മാണി പിടിഐയോട് പറഞ്ഞു.
കുല്‍സൂമിന്റെ ക്യാന്‍സര്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി രണ്ടോ മൂന്നോ ആഴ്ചകള്‍ എടുക്കുമെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയയ്ക്ക് പകരം കീമോ തെറാപ്പിയാണ് നടത്താന്‍ പോകുന്നത്. വരും ദിവസങ്ങളില്‍ ലണ്ടണില്‍ ചികിത്സ തുടങ്ങുമെന്നും ഡോക്ടര്‍ കര്‍മാണി അറിയിച്ചു.
സെപ്തംബര്‍ 17ന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കുല്‍സൂം മത്സരിക്കാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നവാസ് ഷരീഫ് ഒഴിഞ്ഞ ദേശീയ അസംബ്ലി സീറ്റില്‍ മത്സരിക്കാന്‍ കുല്‍സൂം നവാസിനെ പാകിസ്ഥാന് മുസ്ലീം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) തെഞ്ഞെടുത്തിരുന്നു.