ശ്രീനഗർ: ആറു മണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ അഞ്ചു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഇന്നു രാവിലെ ആറു മണിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. 12 മണിയോടെ ഭീകരരെ സൈന്യം 5 ഭീകരരെയും വെടിവച്ചു കൊലപ്പെടുത്തി. സംഭവത്തിനുപിന്നാലെ പ്രദേശത്തുണ്ടായ കല്ലേറിൽ 8 പ്രദേശവാസികൾക്കും 4 സിആർഎഫ് ജവാന്മാർക്കും പരുക്കേറ്റു.
കുൽഗാം ജില്ലയിലെ കെല്ലം ദേവ്സർ പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസും രാഷ്ട്രീയ റൈഫിൾസും സിആർഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
”അഞ്ചു ഭീകരരെയും വധിച്ചു. ഭീകരരുടെ പക്കൽനിന്നും ആയുധങ്ങളും കണ്ടെടുത്തു,” സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരെല്ലാം പ്രദേശവാസികളായിരുന്നുവെന്ന് സൈന്യവും പൊലീസും വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച ലഷ്കറെ തയിബ കമാൻഡറെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ചിരുന്നു. ഇർഫാൻ അഹമ്മദ് ഷെയ്ഖ് എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.