ശ്രീനഗർ: അസ്വസ്ഥത പുകയുന്ന ജമ്മു കാശ്മീരിലെ താഴ്‌വരകളിൽ ഇന്ന് പുലർച്ചെ സൈന്യവും ഭീകരരും ഏറ്റുമുട്ടി. കുൽഗാം പ്രവിശ്യയിലാണ് അതിരാവിലെ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്.

ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചതായാണ് റിപ്പോർട്ടുകൾ. ഇവർ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരാണ്. ഭീകരരിൽ ഒരാളെ സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്. കുദ്വാനി ഏരിയയിൽ ഭീകരർ തന്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം ഇവിടെ പരിശോധന നടത്തിയത്.

ഞായറാഴ്ച രാത്രി തന്നെ സുരക്ഷ സേന ഇവിടെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതിനിടെ ഭീകരരുടെ ഭാഗത്ത് നിന്ന് വെടിയുതിർത്തതോടെ ഇവിടം സംഘർഷം ആരംഭിക്കുകയായിരുന്നു. ദീർഘനേരം ഇരുഭാഗത്തും വെടിയുതിർത്ത ശേഷമാണ് ഹിസ്ബുൾ ഭീകരരെ കീഴടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ