ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും മുൻ രാജ്യസഭാംഗവുമായിരുന്ന കുൽദീപ് നയ്യാർ (95) അന്തരിച്ചു. ന്യൂഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദി ഇന്ത്യൻ എക്‌സ്‌പ്രസ് മുൻ പത്രാധിപരായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം ഡൽഹിയിൽ നടക്കും.

1923 ഓഗസ്റ്റ് 14ന് ഇപ്പോൾ പാക്കിസ്ഥാന്റെ ഭാഗമായ സിയാൽകോട്ടിലെ  സിഖ് കുടുംബത്തിലായിരുന്നു കുൽദീപ് നയ്യാരുടെ ജനനം. സിയാൽകോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാൽകോട്ട്), എഫ്സി കോളേജ് (ലാഹോർ), ലോ കോളേജ് (ലാഹോർ), മെഡിൽ സ്‌കൂൾ ഒഫ് ജേർണലിസം (യുഎസ്എ) എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി.

എന്നാൽ സ്വാതന്ത്ര്യത്തോട് അനുബന്ധിച്ച് ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ കുൽദീപ് നയ്യാരും കുടുംബവും ഡൽഹിയിൽ സ്ഥിരതാമസമാക്കി.

15 ഓളം പുസ്‌തകങ്ങളുടെ രചയിതാവാണ്.  ഇന്ത്യ ആഫ്റ്റർ നെഹ്റു, എമർജൻസി റിടോൾഡ് എന്നിവ പ്രധാന പുസ്തകങ്ങളാണ്.  ബിയോണ്ട് ദി ലൈൻസ് എന്ന അദ്ദേഹത്തിന്റെ കോളം ലോകത്തെ എൺപതോളം ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ശക്തമായ റിപ്പോർട്ടുകളിലൂടെ ഭരണകൂടത്തെ വിമർശിച്ച മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹം. ഇക്കാരണത്താൽ ഇന്ദിര ഗാന്ധിയുടെ ഭരണകൂടം ഇദ്ദേഹത്തെ രാജ്യസുരക്ഷ നിയമപ്രകാരം ജയിലിലടക്കുകയും ചെയ്തു.

ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തിൽ ഏറെ വേദനിച്ച നയ്യാർ, ഇരുരാജ്യങ്ങൾക്കിടയിലും സൗഹൃദം വളർത്താൻ തന്റേതായ ഇടപെടൽ നടത്തിയിരുന്നു. 1990 ൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി നിയമിതനായ അദ്ദേഹം 1996 ൽ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യൻ പ്രതിനിധിയായി. 1997 ലാണ് രാജ്യസഭാംഗമാവുന്നത്.

2015 ൽ സമഗ്ര സംഭാവനയ്ക്കുളള രാംനാഥ് ഗോയങ്ക പുരസ്‌കാരത്തിന് അർഹനായിരുന്നു. അൻജം എന്ന ഉറുദു പത്രത്തിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ