ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി നേതാവും എംഎല്‍എയുമായിരുന്ന കുല്‍ദീപ് സെന്‍ഗറിനും മറ്റ് ആറുപേർക്കും പത്ത് വര്‍ഷം തടവ്. സെന്‍ഗറിന്റെ സഹോദരനും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർക്കാണ് ഡല്‍ഹി തീസ് ഹസാരി കോടതി ശിക്ഷ വിധിച്ചത്. മനപൂര്‍വമല്ലാത്ത നരഹത്യയാണ് സെന്‍ഗറിനും സഹോദരനും എതിരെ ചുമത്തിയിരുന്ന കുറ്റം.

2018 ഏപ്രില്‍ 9 ന് പൊലീസ് കസ്റ്റഡിയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചത്. 2017 ലാണ് 17 വയസുള്ള പെണ്‍കുട്ടിയെ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗര്‍ ലൈംഗികമായി ആക്രമിച്ചത്. ജോലി വാഗ്ദാനം ചെയ്ത് വീട്ടില്‍ എത്തിച്ച ശേഷമായിരുന്നു കുറ്റകൃത്യം.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുമ്പോൾ പ്രതികൾ കുറഞ്ഞ ശിക്ഷയല്ല അർഹിക്കുന്നതെന്ന് ഉത്തരവ് പ്രഖ്യാപിക്കുന്നതിനിടെ ജില്ലാ ജഡ്ജി ധർമേഷ് ശർമ പറഞ്ഞു.

Read More: Covid-19 Live Updates: കോവിഡ് 19: പത്തനംതിട്ടയിലെ 10 സാമ്പിളുകളും നെഗറ്റീവ്

“നിയമവാഴ്ച ലംഘിക്കപ്പെട്ടു എന്ന വസ്തുത നിഷേധിക്കാനാവില്ല. അശോക് സിംഗ് ഭദൗരിയ, കെ പി സിംഗ്, കുൽദീപ് സിംഗ് സെന്‍ഗർ എന്നിവർ പൊതു പ്രവർത്തകരാണ്. അവർ നിയമവാഴ്ച പാലിക്കേണ്ടതുണ്ട്. അദ്ദേഹത്തെ (പിതാവിനെ) മർദ്ദിക്കുകയും അദ്ദേഹം മരിക്കുകയും ചെയ്തുവെന്നത് വസ്തുതയാണ്. ഇത് കുറഞ്ഞ നൽകേണ്ട കേസല്ല,” കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സെന്‍ഗറും സഹോദരന്‍ അതുല്‍ സെന്‍ഗറും 10 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി വിധിച്ചു.

ശിക്ഷാവിധി സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ച ശേഷം സ്റ്റേഷൻ ഓഫീസർ അശോക്, ജഡ്ജിയുടെ മുന്നിൽ കരുണയ്ക്കായി അപേക്ഷിച്ചു. “എന്റെ കുട്ടികൾ എന്ത് തെറ്റ് ചെയ്തു?. ഞാൻ എന്റെ ജോലി ചെയ്യുകയായിരുന്നു. എനിക്ക് സെന്‍ഗറുമായി ഒരു ബന്ധവുമില്ല. ഇത് മരണത്തിന് തുല്യമാണ്. ദയവായി എന്നോട് കരുണ കാണിക്കണം.”

എന്നാൽ “ഞങ്ങൾക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രയാസമാണ്. നിങ്ങൾ കുറ്റം ചെയ്തപ്പോൾ നിങ്ങളുടെ മക്കളെയും ഭാര്യയെയും കുറിച്ച് ചിന്തിക്കണമായിരുന്നു,” എന്നായിരുന്നു ഇതിന് ജഡ്ജി നൽകിയ മറുപടി.

നാല് തവണ ബിജെപി എംഎൽഎയായിരുന്നസെന്‍ഗറിനെതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടി 2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചു.

പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു. ഇതിന് മുമ്പ് പെണ്‍കുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഈ മര്‍ദനം നേരില്‍ കണ്ട് സാക്ഷി പറയാന്‍ തയ്യാറായ യൂനസ് എന്നയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook