ന്യൂഡല്‍ഹി:ഇന്ത്യൻ സൈന്യത്തിന്റെ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ച മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൻ യാദവിന്റെ വിഷയത്തിൽ ഇന്ത്യ നിലപാട് കടുപ്പിച്ചു. പാക്കിസ്ഥാനുമായി സമുദ്രാതിർത്തിയിലെ സുരക്ഷ സംബന്ധിച്ച് നടക്കാനിരുന്ന ഉഭയകക്ഷി ചർച്ചകൾ മരവിപ്പിച്ചാണ് ഇന്ത്യ വിഷയത്തെ ഇപ്പോൾ സമീപിച്ചിരിക്കുന്നത്.

അതേസമയം സമുദ്രാതിർത്തിയിലെ സുരക്ഷയ്ക്ക് പുറമേ പാക്കിസ്ഥാനുമായി നനടക്കാനിരുന്ന എല്ലാ ചർച്ചകളും കേന്ദ്ര സർക്കാർ മരവിപ്പിച്ചിട്ടുണ്ട്. സമുദ്രാതിർത്തികളിലെ സുരക്ഷ സംബന്ധിച്ച് ഈ വരുന്ന തിങ്കളാഴ്ചയാണ് പാക്കിസ്ഥാനുമായി ചർച്ച നിശ്ചയിച്ചിരുന്നത്.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയില്ലേക്ക് നയിച്ച കേസിൽ കുറ്റപത്രവും വിധിപ്പകര്‍പ്പും തെളിവുകളുടെ അസ്ശൽ രേഖകളും കാണണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ അപ്പീല്‍ നല്‍കാനുള്ള തീരുമാനത്തിലാണ് ഇന്ത്യയുള്ളത്.

ജാദവിനെ കാണാനുള്ള കൗണ്‍സിലര്‍ അനുമതി 13 തവണയാണ് പാക്കിസ്ഥാന്‍ നിഷേധിച്ചത്. ജാദവിനെ സമീപിക്കാനുള്ള അനുമതിക്ക് പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു.

ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഇന്ത്യയ്ക്ക് യാതൊരു അറിവും പാക്കിസ്ഥാന്‍ നല്‍കിയിട്ടില്ല. എന്നാല്‍, അദ്ദേഹത്തെ വീണ്ടെടുക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നാല്‍പ്പത്താറുകാരനായ പട്ടാളക്കാരനെ പാകിസ്ഥാന്‍ പട്ടാളകോടതിയാണ് രാജ്യദ്രോഹവും ചാരവൃത്തിയും ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ചത്.

അതേസമയം, പാക് നടപടി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. ജാദവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ പാകിസ്ഥാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇന്ത്യ താക്കീത് നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ