കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമീഷണര്‍ ജെ.പി.സിങ്ങും ഇവര്‍ക്കൊപ്പമുണ്ടാകും

Kulbhushan Jadhav, ie malayalam

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ നാവിക സേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ അനുവദിക്കുമെന്ന് പാക്കിസ്ഥാന്‍. കുല്‍ഭൂഷണെ കാണാന്‍ ഭാര്യയും അമ്മയും ഇന്ന് ഇസ്ലാമാബാദിലെത്തും. ഇവര്‍ക്കൊപ്പം നയതന്ത്രപ്രതിനിധികളെയും ജാദവിന് അടുത്തെത്തിക്കും.

ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമീഷണര്‍ ജെ.പി.സിങ്ങും ഇവര്‍ക്കൊപ്പമുണ്ടാകും. പാക് വിദേശകാര്യ മന്ത്രാലയത്തിൽവച്ചാണ് കൂടിക്കാഴ്ച അനുവദിച്ചിട്ടുള്ളത്. കൂടിക്കാഴ്ചക്ക് ശേഷം ഭാര്യയും അമ്മയും ഇന്ന് തന്നെ ഇന്ത്യയിലേക്ക് തിരിക്കും.

ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ മാസമാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരവധി തവണ പാക്കിസ്ഥാന്‍ തള്ളിയിരുന്നു.

എന്നാൽ നവംബർ 10ന് കുൽഭൂഷണിന്റെ ഭാര്യയ്ക്ക് അദ്ദേഹത്തെ കാണാൻ അനുമതി നൽകിയെങ്കിലും അമ്മയുടെ അപേക്ഷ പരിഗണിച്ചിരുന്നില്ല. കുൽഭൂഷണ് സാധാരണ തടവുകാർക്ക് നൽകുന്ന അവകാശങ്ങൾ അനുവദിക്കാനാവില്ലെന്നായിരുന്നു പാക് വാദം. എന്നാൽ ഈ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും ഭീകരതയുടെ പേരിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.

ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിനാണ് ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. നാവികസേനയിൽനിന്നു വിരമിച്ച ജാദവ് ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തിവരികയായിരുന്നെന്നും അദ്ദേഹത്തെ പാക്കിസ്ഥാൻ തട്ടിക്കൊണ്ടു പോയെന്നുമാണ് ഇന്ത്യ ഉന്നയിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Kulbhushan jadhavs wife mother to visit pakistan today

Next Story
മേരിയുടെ ബെത്‍ലഹേം യാത്ര അഭയാര്‍ത്ഥികളുടെ യാത്ര പോലെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
The moderation of comments is automated and not cleared manually by malayalam.indianexpress.com