ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് മേല്‍ പാകിസ്ഥാന്റെ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് ഇന്ത്യ. പാകിസ്ഥാന്റെ കള്ളക്കഥ തത്തയെപ്പോലെ ഏറ്റുപറയാന്‍ കടുത്ത സമ്മര്‍ദ്ദമാണ് കുല്‍ഭൂഷണ് മേല്‍ ചുമത്തുന്നതെന്ന് ഇന്ത്യ. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷ്ണര്‍ ഗൗരവ്വ് ആലുവാലിയ കുല്‍ഭൂഷനെ കണ്ടതിന് ശേഷമാണ് ഇന്ത്യയുടെ പ്രതികരണം.
വിദേശകാര്യ മന്ത്രി എസ് ജെയ്ശങ്കര്‍ ജാദവിന്റെ അമ്മയുമായി സംസാരിച്ചു. പാക്കിസ്ഥാന്റെ വിദേശകാര്യ ഓഫീസ് വക്താവ് ഡോക്ടര്‍ മുഹമ്മദ് ഫൈസലുമായും ആലുവാലിയ കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ജാദവിനെ കണ്ടത് സബ്ബ് ജയിലില്‍ വച്ചാണ്.
ഇന്നലെയാണ് രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് പ്രകാരം കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചത്. ഈ വാഗ്ദാനം ഇന്ത്യ അംഗീകരിക്കുകയായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് പാക്കിസ്ഥാന്‍ കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കാന്‍ തീരുമാനിക്കുന്നത്.
നേരത്തെ പാക്കിസ്ഥാന്റെ വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ തന്നെ കുല്‍ഭൂഷനെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 2017 എപ്രിലാണ് പാക് സൈനിക കോടതി കുല്‍ഭൂഷനെ വധ ശിക്ഷയ്ക്ക് വിധിച്ചത്.