ഇസ്‌ലാമാബാദ്: ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്കിസ്ഥാൻ ജയിലിലടച്ച കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചതിനെ ന്യായീകരിച്ച് പാക്കിസ്ഥാൻ. കുൽഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണാലെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതായി ഡോൺന്യൂസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെരുപ്പിനകത്ത് സംശയകരമായി എന്തോ ഉണ്ടായിരുന്നു. അവരുടെ ആഭരണങ്ങള്‍ തിരികെ നൽകിയപ്പോൾ പുതിയ ചെരിപ്പുകളും അവർക്കു നൽകിയിരുന്നുവെന്നും പാക്ക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ പ്രസ്താവനയിൽ പറയുന്നതായി റിപ്പോർട്ടിലുണ്ട്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനിൽ കുൽഭൂഷൺ ജാദവിനെ സന്ദർശിച്ച ഭാര്യയെയും അമ്മയെയും പാക് സൈന്യവും മാധ്യമങ്ങളും അപമാനിച്ചെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്നലെ ആരോപിച്ചത്. “കുൽഭൂഷൺ ജാദവിനെ കാണാൻ ചെന്ന കുടുംബാംഗങ്ങളെ അപമാനിച്ചാണ് പാക്കിസ്ഥാൻ ഇറക്കിവിട്ടത്. അവരുടെ മാതൃഭാഷയായ മറാത്തിയിൽ സംസാരിക്കാൻ ഇരുവരെയും അനുവദിച്ചില്ല. ഭാര്യയുടെ താലിമാല പാക് സൈന്യം ഊരിവയ്പ്പിച്ചു. ചെരിപ്പ് അഴിച്ചുവയ്പ്പിച്ച പാക്കിസ്ഥാൻ അവ തിരികെ നൽകിയില്ല”, വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

“പാക് മാധ്യമങ്ങളും കുൽഭൂഷൺ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചു. തടവിൽ കഴിയുന്ന കുൽഭൂഷണെ കാണാൻ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാൻ അനുവദിച്ചപ്പോൾ തന്നെ ഇന്ത്യ മാന്യമായി പെരുമാറണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്.

മുൻ നിശ്ചയിച്ച പ്രകാരം കൂടിക്കാഴ്ചയിൽ ഇന്ത്യ ഡപ്യൂട്ടി ഹൈക്കമ്മിഷണറെ പങ്കെടുപ്പിച്ചില്ലെന്ന് ആരോപിച്ച ഇന്ത്യ, ഇവരുടെ കൂടിക്കാഴ്ചയുടെ കാര്യം ഇന്ത്യൻ ഹൈക്കമ്മിഷനോട് മറച്ചുവച്ചതായും ആരോപിച്ചു. ഇസ്‌ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിൽവച്ചാണ് അമ്മ അവന്തികയും ഭാര്യ ചേതനയും കുൽഭൂഷണിനെ കണ്ടത്. 30 മിനിറ്റ് സമയമാണ് കുടുംബത്തിന് കുൽഭൂഷണുമായുളള കൂടിക്കാഴ്ചയ്ക്ക് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ