ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്താൻ വധശിക്ഷക്ക് വിധിച്ച ഇന്ത്യയുടെ മുൻ നാവിക സേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന്റെ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടങ്ങും. നെതർലന്റ്സിലെ ഹേഗിലെ അന്താരാഷ്ട്ര കോടതിയിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും വാദമുഖങ്ങൾ നിരത്തും. കുൽഭൂഷൻ യാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. കേസിലെ തുടർന്നുള്ള വാദമാണ് ഇന്ന് തുടങ്ങുന്നത്.

18 വർഷങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കു നേർ വരുന്നത്. പാകിസ്ഥാന്റെ നാവിക വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തിയതിനെതിരെയായിരുന്നു പാകിസ്ഥാൻ കോടതിയെ സമീപിച്ചത്. 1999 ഓഗസ്റ്റ് പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. അതിർത്തി കടന്നെത്തിയ പാകിസ്ഥാന്റെ നാവിക വിമാനം കുച്ച് മേഖലയിൽ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന 16 പേരും കൊല്ലപ്പെട്ടു. വിമാനം വീണത് പാക്ക് അതിർത്തിയിലായിരുന്നെന്ന് വാദിച്ചായിരുന്നു പാകിസ്ഥാൻ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. എന്നാൽ പരസ്യ വാദത്തിനൊടുവിൽ 2000 ജൂൺ 21ന് രണ്ടിനെതിരെ 14 വോട്ടുകൾക്ക് പാകിസ്ഥാന്റെ വാദം കോടതി തള്ളി.

ഇന്ന് ഹേഗിലെ പീസ് പാലസിന്റെ ഗ്രേറ്റ് ഹാളിൽ കുൽഭൂഷണ് വേണ്ടി വാദിക്കുന്പോൾ രാജ്യം ഒന്നടങ്കം പ്രതീക്ഷയിലാണ്. പാകിസ്ഥാന്റെ നടപടി വിയന്ന ഉടന്പടിയുടെ പരസ്യമായ ലംഘനമാണെന്നാണ് ഇന്ത്യയുടെ പ്രധാന വാദം. വിധി അനുകൂലമാകുമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയും പ്രതീക്ഷ പ്രകടിപ്പിച്ചു. നിയമങ്ങളുടേയും മനുഷ്യാവകാശങ്ങളുടേയും പരസ്യ ലംഘനമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹം എഎൻഐയോട് പറഞ്ഞു.

മുുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് യുഎന്നിന്റെ പരമോന്നത കോടതിയിൽ കുൽഭൂഷന്റെ ജീവൻ രക്ഷിക്കാനായി ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത്. നയതന്ത്ര മാർഗങ്ങളിലൂടെ കുൽഭൂഷനെ രക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും പാകിസ്ഥാൻ ഇതെല്ലാം തള്ളി വധശിക്ഷ വിധിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. 2016 മാർച്ചിലാണ് കുൽഭൂഷൻ ഇറാനിൽ നിന്നും അറസ്റ്റിലാകുന്നത്. കുൽഭൂഷൻ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും ഇതിനിടയിൽ പാകിസ്ഥാൻ അവകാശപ്പെട്ടിരുുന്നു. കുൽഭൂഷന്റെ കുറ്റസമ്മത്തിന്റേതെന്ന് കാണിക്കുന്ന വീഡിയോയും അവർ പുറത്തുവിട്ടു. എന്നാൽ കുൽഭൂഷനെ മർദ്ദിച്ച് കുറ്റസമ്മതം നടത്തിക്കുകയായിരുന്നെന്നാണ് ഇന്ത്യയുടെ വാദം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ