ന്യൂഡൽഹി: ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവ് എവിടെയാണെന്നതിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചോ പാക്കിസ്ഥാൻ ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ലെന്ന് ഇന്ത്യ. ”ജാദവിനെക്കുറിച്ചുളള വിവരങ്ങൾ നൽകണമെന്നുളള ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തുടർച്ചയായി നിഷേധിക്കുകയാണ്. ജാദവ് എവിടെയെന്നോ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചോ പാക്കിസ്ഥാൻ വിവരം നൽകിയിട്ടില്ലെ”ന്നും വിദേശകാര്യ വക്താവ് ഗോപാൽ ബാഗ്‌ലെ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തി ഇന്ത്യന്‍‌ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ജാദവിനു നീതിയുറപ്പാക്കാൻ രാജ്യം ഏതറ്റം വരെയും പോകും. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. വ്യാജവിചാരണയാണ് നടത്തിയത്. ജാദവിനെതിരെ നിലനിൽക്കുന്ന തെളിവുകളൊന്നുമില്ല. ജാദവിനു സാധ്യമായ എല്ലാ സഹായവും നൽകുമെന്നും ജാദവ് ഇന്ത്യയുടെ പുത്രനാണെന്നും സുഷമ പറഞ്ഞിരുന്നു.

ജാദവിനു നീതിയുറപ്പാക്കാൻ വേണ്ടതൊക്കെ ചെയ്യുമെന്നും നിയമത്തിന്റെയും നീതിയുടെയും പ്രമാണങ്ങളെല്ലാം പാക്കിസ്ഥാൻ അവഗണിച്ചിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും പറഞ്ഞു.

മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയാണ് കുൽഭൂഷൺ ജാദവ്. ഇന്ത്യൻ നാവികസേനയിൽ കമാൻഡറായി 2003 വരെ പ്രവർത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറിൽ വ്യാപാരം നടത്തി വരികയായിരുന്നു. 2016 മാർച്ച് മൂന്നിന് ഇറാനിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കവെയാണ് ജാദവിനെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവ് ഇന്ത്യയുടെ ചാരസംഘടനയായ റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ