ന്യൂഡൽഹി:​ കുൽഭൂഷൺ യാദവവിന്റെ വധശിക്ഷയ്ക്ക് പിന്നാലെ മൂന്ന് ഇന്ത്യൻ ചാരന്മാരെ കൂടി പിടികൂടിയെന്ന് പാക്കിസ്ഥാൻ. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോ യുടെ ചാരന്മാരെന്ന പേരിലാണ് പാക് അധീന കാശ്മീരിൽ മൂന്ന് പേർ പിടിയിലായതായി പാക് പൊലീസ് അറിയിച്ചത്. ഖലിൽ, ഇംതിയാസ്, റാഷിദ് എന്നീ മൂന്ന് പേരുകളാണ് പാക്കിസ്ഥാൻ പുറത്തുവിട്ടിരിക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാനിൽ നിന്നുള്ള വാർത്്ത ഏജൻസിയായ ഡോൺ ആണ് റിപ്പോർട്ട് ചെയ്തത്.

കുൽഭൂഷൺ യാദവിനെ കോടതി വധശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ കടുത്ത നിലപാടുകളിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ കൂടുതൽ ചാരന്മാർ പിടിയിലായെന്ന് പാക്കിസ്ഥാൻ അവകാശപ്പെടുന്നത്.

റാവൽകോട്ടിൽ നടന്ന പത്രസമ്മേളനത്തിൽ മൂവരുടെയും മുഖത്ത് മുഖംമൂടിയണിയിച്ച് മാധ്യമപ്രവർത്തകർ മുൻപാകെ പൊലീസ് ഇവരെ ഹാജരാക്കി. പാക് അധീന കാശ്മീരിൽ അബ്ബാസ്‌പൂറിൽ തരോത്തി വില്ലേജിലെ താമസക്കാരാണ് ഇവർ മൂവരുമെന്നാണ് പൊലീസ് പപറഞ്ഞിരിക്കുന്നത്.

2014 നവംബറിൽ കാശ്മീർ സന്ദർശിച്ച ഖലീൽ, ഇവിടെ റോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്ന് പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് സജിദ് ഇമ്രാൻ അറിയിച്ചു. അബ്ബാസ്‌പൂർ പൊലീസ് സ്റ്റേഷന് സമീപം അടുത്തിടെ നടന്ന സ്ഫോടനത്തിൽ മൂന്ന് പേർക്ക് പങ്കുള്ളതായും പൊലീസ് പറഞ്ഞു.

ഭീകരവാദ വിരുദ്ധ പ്രവർത്തന നിയമപ്രകാരമാണ് മൂവരെയും അറസ്റ്റ് ചെയ്തതെന്ന് ഡിഎസ്‌പി അറിയിച്ചു. അതേസമയം അബ്ബാസ്‌പൂർ റയിൽവേ സ്റ്റേഷൻ ആക്രമണത്തിന് ഖലീലിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം ലഭിച്ചെന്നും പൊലീസ് കുറ്റപ്പെടുത്തി.

പാക്കിസ്ഥാനിലെ പട്ടാള കോടതിയാട് ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കുൽഭൂഷൺ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അതേസമയം ഈ കോടതി ഉത്തരവുമായി മുന്നോട്ട് പോയാൽ അത് ആസൂത്രിത കൊലപാതകമായി മാത്രമേ കാണൂവെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ