ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് ഇന്ത്യൻ നാവികോദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ചത് സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി ജാദവിന് കോൺസുലാർ ബന്ധം അനുവദിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് പാക്കിസ്ഥാന്‍. അന്താരാഷ്ട്ര കോടതിക്കും മുകളിലാണ് പാകിസ്ഥാനിലെ കോടതിയെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ വക്താവ് സർതാജ് അസീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതിയിൽ പാകിസ്ഥാൻ തോറ്റെന്ന വാദം ശരിയല്ലെന്നും വധശിക്ഷ സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തതെന്നും സർതാജ് അസീസിനെ ഉദ്ദരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത വാദം കേള്‍ക്കല്‍ ദിനം ശക്തമായ അഭിഭാഷക സംഘമാണ് കോടതിയിലെത്തുക. പാക്കിസ്ഥാന്റെ നിലപാടും ജാദവിനെതിരായ തെളിവുകളും കോടതിയില്‍ ഫലപ്രദമായി ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറ്റോർണി ജനറൽ അഷ്താർ യൂസഫ് അലിയാണ് അടുത്ത തവണ എത്തുക. നിലവിലെ പാക് അഭിഭാഷകൻ ഖവാർ ഖുറേഷിക്ക് കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

“പാകിസ്ഥാനിൽ ഭീകര പ്രവർത്തനം നടത്തിയ കാര്യം ജാദവ് തന്നെ ഒന്നില്‍ കൂടുതല്‍ തവണ സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതും തെളിഞ്ഞിട്ടുണ്ട്. അതിനാൽ പാകിസഥാനിലെ നിയമപ്രകാരമാണ് ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതെന്നും അസീസ് ചൂണ്ടിക്കാട്ടി. ജാദവിന്റെ കേസില്‍ വിധി പറയാനുള്ള നിയമപരമായ അധികാരം അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഇല്ലെങ്കിലും വിധിയെ പാക്കിസ്ഥാന്‍ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ