ന്യൂഡല്‍ഹി : 2008ലെ മുംബൈ താജ് ഹോട്ടല്‍ ആക്രമത്തില്‍ പങ്കെടുത്ത അജ്‌മൽ കസബിനെക്കാള്‍ പത്തിരട്ടി മോശപ്പെട്ടവനാണ് കുല്‍ഭൂഷണ്‍ ജാദവ് എന്ന് പാകിസ്ഥാന്‍ മുന്‍  പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാകിസ്ഥാന്‍ ചാനലായ ‘അറി ന്യൂസി’നോട് സംസാരിക്കുകയായിരുന്നു മുന്‍ ആര്‍മി ജനറല്‍ കൂടിയായ മുഷറഫ്.

” അജ്‌മൽ കസബ് മറ്റാരുടെയോ കയ്യിലെ ഒരു കരു മാത്രമായിരുന്നു. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവ് ആകട്ടെ ധാരാളംപേരെ ഉപയോഗിച്ചുകൊണ്ട് ഭീകരവാദത്തിനു എണ്ണയിട്ടുകൊടുത്തയാളാണ്. ആരാണ് വലിയ കുറ്റക്കാരന്‍ ? ” പര്‍വേസ് മുഷറഫ് ചോദിച്ചു.

“കസബ് ചെയ്ത കുറ്റത്തെക്കാള്‍ പത്തിരട്ടി വ്യാപ്തിയുള്ള കുറ്റമാണ് കുല്‍ഭൂഷണ്‍ ജാദവ് ചെയ്തത് എന്നതില്‍ സംശയമില്ല. കുല്‍ഭൂഷണ്‍ ജാദവ് സംഘടിപ്പിച്ച ബോംബ്‌ സ്ഫോടനങ്ങളിലും അട്ടിമറിപ്രവര്‍ത്തനങ്ങളിലുമായി എത്രപേരാണ് കൊല്ലപ്പെട്ടത് എന്നുപോലും പറയാന്‍ സാധിക്കില്ല.” മുഷറഫ് പറഞ്ഞു.

തുടര്‍ന്ന്, രാജ്യാന്തരകോടതിയില്‍ ഹാജരാവാനുള്ള പാകിസ്ഥാന്‍ തീരുമാനത്തെ വിമര്‍ശിച്ച അദ്ദേഹം “നമ്മുടെ രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ നമ്മള്‍ നമ്മുടെതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കേണ്ടതായിരുന്നു. രാജ്യാന്തര കോടതിയില്‍ ഹാജരായത് തെറ്റായ തീരുമാനമാണ്. ” മുഷറഫ് കുറ്റപ്പെടത്തി.

പാകിസ്ഥാന്‍റെ സുരക്ഷാകാര്യങ്ങളില്‍ ഇടപെടാന്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ മുഷറഫ് .”അതില്‍ പാകിസ്ഥാനെ ഉപദേശിക്കാനും ആര്‍ക്കും അവകാശമില്ല” എന്നും വ്യക്തമാക്കി.

ചര്‍ച്ചക്കിടയില്‍ രാജ്യാന്തര കോടതി പരിഗണിച്ച മറ്റൊരു കേസ് കൂടി മുഷറഫ് ശ്രദ്ധയില്‍ കൊണ്ടുവന്നു. 1982ല്‍ അമേരിക്കയില്‍ പിടിയിലായ രണ്ടു ജര്‍മന്‍ പൗരന്മാരെ രാജ്യാന്തര കോടതിയുടെ വിധിക്ക് ശേഷവും അമേരിക്ക വധിച്ച സംഭവമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. “രാജ്യാന്തര കോടതിയും യുഎന്നും നല്‍കുന്ന ഉത്തരവുകളെ രാഷ്ട്രങ്ങള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി അവഗണിക്കാറണ്ട്” മുഷറഫ് പറഞ്ഞു.

ചാരവൃത്തി ആരോപിച്ചാണ് പാകിസ്ഥാന്‍ മിലിട്ടറി കോടതി കുല്‍ഭൂഷണ്‍ ജാദവിനെതിരെ വധശിക്ഷ വിധിക്കുന്നത്. ഇതിനെതിരെ രാജ്യാന്തര കോടതിയെ സമീപിച്ച ഇന്ത്യയ്ക്ക് അനുകൂലമായായിരുന്നു കോടതിയുടെ ആദ്യ വിധി. നിലവിൽ രാജ്യാന്തര കോടതി കുൽഭൂഷൺ​ ജാദവിന്റെ വധശിക്ഷ താത്ക്കാലികമായി തടഞ്ഞിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ