തൃശൂര്‍: കെഎസ്ആര്‍ടിസിയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്‌ദാനം സർക്കാർ  നിറവേറ്റണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റുമായ കെ.പി.രാജേന്ദ്രന്‍. വിഷയം എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ഗൗരവത്തിലെടുക്കുകയും മുഖ്യമന്ത്രി ഇടപെട്ട് തൊഴിലാളി സംഘടനകളുടെ ചര്‍ച്ച വിളിച്ചുചേര്‍ക്കുകയും വേണമെന്ന് കെ.പി.രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ രാത്രി 12 മണിമുതല്‍ ആരംഭിച്ച 24 മണിക്കൂർ പണിമുടക്കില്‍ കെഎസ്‌ഐആര്‍ടിസിയിലെ 80 ശതമാനം തൊഴിലാളികളും പങ്കെടുത്തുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി 16 മുതല്‍ ഒരാഴ്ചക്കാലം നീളുന്ന പ്രചാരണ ജാഥയും മാര്‍ച്ച് മാസത്തില്‍ നിയമസഭയിലേക്ക് തൊഴിലാളി മാര്‍ച്ചും നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ശമ്പളം വൈകുമ്പോള്‍ തൊഴിലാളികള്‍ പണിമുടക്ക് നോട്ടിസ് നല്‍കുന്ന പതിവ് കെഎസ്ആര്‍ടിസിയിലുണ്ട്. നേരത്തെയെല്ലാം മുട്ടുശാന്തിക്കെന്നോണം ആശ്വാസ നടപടികളും ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണത്തില്‍ പാടില്ലാത്തതാണ് കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ ബാധ്യതയും നഷ്ടവുമാണ് എപ്പോഴും എടുത്തുകാട്ടുന്നത്. എന്നാല്‍, ഇടത് മുന്നണി അധികാരത്തില്‍ വന്നാല്‍ പൊതുകടവും സാമൂഹിക ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. അത് നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 4000 കോടി രൂപയാണ് ഇപ്പോഴത്തെ കടം. ഇതില്‍ 1500 കോടി സര്‍ക്കാരിന്റെ വകയാണ്. 2000 കോടി ബാങ്കു വായ്പകളിലൂടെയും. ഇതെല്ലാം വണ്‍ടൈം സെറ്റില്‍മെന്റിലൂടെ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇതോടെ പലിശ ഒഴിവാക്കാനാവും.

കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ തൊഴിലാളികള്‍ക്ക് മാത്രം സാധ്യമാകില്ല. തൊഴിലാളികളെയും റൂട്ടുകളും സംരക്ഷിക്കുമെന്നും പുതിയ ആയിരം ബസുകള്‍ ഇറക്കുമെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. എന്നാല്‍ 262 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. ഇത് ന്യായീകരിക്കാനാവുന്നതല്ല. കെഎസ്ആര്‍ടിസിയുടെ ബാധ്യത തിട്ടപ്പെടുത്തിയ ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് 808 കോടി അടിയന്തിരമായി നല്‍കേണ്ടതുണ്ട്. കെഎസ്ഇബിക്കും വാട്ടര്‍ അതോറിറ്റിക്കും നാല് ശതമാനം മാത്രം ഡീസല്‍ നികുതി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് 26.75 ശതമാനമാണ് ലിറ്ററൊന്നിന് നികുതി ചുമുത്തുന്നത്. പ്രതിദിനംം 4.5 ലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസിക്ക് സർവീസ് നടത്താനായി വേണ്ടിവരുന്നത്. നികുതിയിൽ ഇളവ് നല്‍കിയാല്‍ 60 കോടി രൂപയുടെ നഷ്ടം കുറയ്ക്കാം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 248 അന്തര്‍ ജില്ലാ റൂട്ടില്‍ കെഎസ്ആര്‍ടിസി മാത്രമാക്കാന്‍ അനുവദിച്ച കാലാവധി ഈ മാസം അവസാനിക്കുകയാണ്. വിധി നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് വലിയ വരുമാനമാണ് ഉണ്ടാവുക. 120 പുതിയ ബസുകളുടെ ബോഡി നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായ ഘട്ടത്തിലാണ് നിര്‍മാണ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഇത്രയും ബസുകള്‍ നിരത്തിലിറക്കാന്‍ പ്രത്യേക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കാന്‍ തയാറായില്ലെങ്കില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെ.പി.രാജേന്ദ്രന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ