മഥുര: ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് നിര്‍മിച്ചതാണെന്ന് അവകാശപ്പെട്ടുള്ള ഹര്‍ജിയില്‍ സമുച്ചയത്തിന്റെ സര്‍വേ റിപ്പോര്‍ട്ട് തേടി മഥുര ജില്ലാ കോടതി. റിപ്പോര്‍ട്ട് ജനുവരി 20നു സമര്‍പ്പിക്കാനാണു റവന്യൂ വകുപ്പ് അധികൃതരോട് കോടതി നിര്‍ദേശിച്ചിരിക്കുന്നത്്.
ഇന്തെസമിയ കമ്മിറ്റിക്കെതിരെ ബാല്‍ കൃഷ്ണ ഉള്‍പ്പെടെയുള്ള കക്ഷികള്‍ സമര്‍പ്പിച്ച കേസിലാണു സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജി (മൂന്ന്) സോണിക വര്‍മയുടെ ഉത്തരവെന്നു ഹരജിക്കാരുടെ അഭിഭാഷകന് ശൈലേഷ് ദുബെ പറഞ്ഞു.
ഇരു കക്ഷികളെയും അറിയിക്കാനും അടുത്ത വാദം കേള്‍ക്കലില്‍ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനോട് ജഡ്ജി ഡിസംബര്‍ എട്ടിന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകന് പറഞ്ഞു. ജഡ്ജി അവധിയിലായിരുന്നതിനാല്‍ ഡിസംബര്‍ 22ന് വാദം കേള്‍ക്കല്‍ നടന്നില്ല. ജനുവരി 20നാണ് അടുത്ത തീയതിയായി കോടതി നിശ്ചയിച്ചിരിക്കുന്നത്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് കത്ര കേശവ ദേവ് ക്ഷേത്രം തകര്‍ത്താണു ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കര്‍ സ്ഥലത്ത് ഷാഹി മസ്ജിദ് ഈദ്ഗാഹ് നിര്‍മിച്ചതെന്നു ചൂണ്ടിക്കാട്ടി ഡിസംബര്‍ എട്ടിനാണു സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജി (മൂന്ന്) കോടതിയില്‍ ബാല്‍കൃഷ്ണയും മറ്റുള്ളവരും കേസ് ഫയല്‍ ചെയ്തതെന്ന് അഭിഭാഷകന് പറഞ്ഞു.
1968-ല്‍ ശ്രീകൃഷ്ണ ജന്മസ്ഥാന് സേവാ സന്‍സ്ഥാനും ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിലുള്ള ഒത്തുതീര്‍പ്പും കേസില്‍ ചോദ്യം ചെയ്യുന്നതായി അഭിഭാഷകര്‍ പറഞ്ഞു.