ന്യൂഡല്‍ഹി: ഷാഹി ഈദ്ഗാഹ് മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം തേടി ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റും മറ്റു സ്വകാര്യ കക്ഷികളും നല്കിയ മഥുര ജില്ലാ കോടതി അനുവദിച്ചു. കൃഷ്ണന് ജനിച്ചതായി വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണ ജന്മഭൂമി സ്ഥലത്തിനടുത്താണ് ഈദ്ഗാഹ് സ്ഥിതി ചെയ്യുന്നത്.
13.37 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനുവേണ്ടിയാണു ഹര്‍ജിക്കാരുടെ അവകാശവാദം. ഇതു ശ്രീകൃഷ്ണന്റേതാണെന്നാണ് ഹര്‍ജിക്കാര്‍ അവകാശപ്പെടുന്നത്.
ഹര്‍ജി അനുവദിച്ചുകൊണ്ടുള്ള ജില്ലാ സെഷന്‍സ് ജഡ്ജി രാജീവ് ഭാരതിയുടെ വിധിയുടെ അര്‍ത്ഥമാക്കുന്നത് സിവില്‍ കേസ് ഇനി കീഴ്ക്കോടതി പരിഗണിക്കുമെന്നാണ്. റവന്യൂ രേഖകള്‍ പരിശോധിക്കുന്നതിനു പുറമേ, ക്ഷേത്രഭരണ സമിതിയായ ശ്രീകൃഷ്്ണ ജന്മസ്ഥാന് സേവ സന്‍സ്ഥാനും ട്രസ്റ്റ് മസ്ജിദ് ഈദ്ഗാഹും തമ്മിലുള്ള 1968 ലെ ഒത്തുതീര്‍പ്പ് കരാറിന്റെ സാധുതയും കോടതി തീരുമാനിക്കേണ്ടതുണ്ട്. തര്‍ക്കമുള്ള ഭൂമിയുടെ ഭാഗം ഈദ്ഗാഹിന്, സൊസൈറ്റി നിയമപ്രകാരം റജിസ്റ്റര്‍ ചെയ്ത ക്ഷേത്രഭരണ സമിതി വിട്ടുകൊടുക്കുകയായിരുന്നു.
സ്വകാര്യ കക്ഷികളും ക്ഷേത്ര ട്രസ്റ്റും ഇപ്പോള്‍ അവകാശപ്പെടുന്നത് ഒത്തുതീര്‍പ്പിനു നിയമസാധുതയില്ലെന്നാണ്. ഭൂമി ട്രസ്റ്റില്‍ നിക്ഷിപ്തമാണെന്നും ക്ഷേത്രഭരണ സമിതിക്ക് ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടാന്‍ അധികാരമില്ലെന്നുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
1958-ലാണ് ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. സൊസൈറ്റി ട്രസ്റ്റിന്റെ ഏജന്റാണെന്നും സൊസൈറ്റിയുടെ തലവനെ ട്രസ്റ്റാണു നിയമിക്കുന്നതെന്നും ഈദ്ഗാഹിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. ഒത്തുതീര്‍പ്പ് കരാര്‍ പിന്നീട് രജിസ്റ്റര്‍ ചെയ്തുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Also Read: ടിപ്പുകാലത്തെ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് അനുമതി വേണം; കര്‍ണാടകയിലും പുതിയ നീക്കവുമായി ഹിന്ദു സംഘടന
അഭിഭാഷകയായ രഞ്ജന അഗ്നിഹോത്രിയും മറ്റ് ആറ് പേരും കഴിഞ്ഞ വര്‍ഷം സിവില്‍ കോടതിയില്‍ ഈ അവകാശവാദം ഉന്നയിച്ചിരുന്നു. ഹര്‍ജിക്കാരില്‍ ആരും തന്നെ മഥുരയില്‍ നിന്നുള്ളവരല്ലാത്തതിനാല്‍ ഹരജി അനുവദിക്കാവില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു. ഈ തീരുമാനത്തെ ചോദ്യം ചെയ്തു ജില്ലാ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ട്രസ്റ്റും ക്ഷേത്രഭരണ സമിതിയും കക്ഷിചേര്‍ന്നു. ഒത്തുതീര്‍പ്പ് കരാറില്‍ തങ്ങള്‍ കക്ഷിയല്ലെന്നും ഭൂമിയുടെ ഉടമയായ ട്രസ്റ്റിനു വേണ്ടി ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെടാന്‍ സൊസൈറ്റിക്ക് അവകാശമില്ലെന്നുമാണ് ശ്രീകൃഷ്ണ ജന്മസ്ഥാന് ട്രസ്റ്റ് അവകാശപ്പെടുന്നത്.