ലക്നൗ: ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളി പൊളിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിം പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം സിവിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഹർജിക്കാർ അവകാശവാദം ഉന്നയിക്കുന്നു. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ നിർദേശപ്രകാരം ഹിന്ദു ക്ഷേത്രം തകർത്താണ് ഈ മുസ്ലിം പള്ളി നിർമിച്ചതെന്ന് ഹർജിക്കാർ ആരോപിക്കുന്നു.
Read Also: ബാബറി മസ്ജിദ് തകർത്ത കേസ്: വിധി സെപ്റ്റംബർ 30 ന്
മഥുര സിവിൽ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 13.37 ഏക്കർ സ്ഥലത്തിനുവേണ്ടിയാണ് അവകാശവാദം. ഹിന്ദു വിശ്വാസപ്രകാരം ഈ സ്ഥലം തങ്ങൾക്ക് ഏറെ പൂജനീയമായതാണെന്ന് ഹർജിക്കാർ പറയുന്നു.
ശ്രീകൃഷ്ണന്റെ ജന്മസ്ഥലം കൈയേറി നിർമിച്ച ഷാഹി ഈദ് ഗാഹ് സുന്നി വഖഫ് ബോർഡിന്റെ അനുമതിയോടെ പൊളിച്ചുനീക്കാൻ അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ‘ഷാഹി ഈദ് ഗാഹ്’ സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് സിവില്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം. ഇവിടെ ഖനനം നടത്തിയാൽ ക്ഷേത്ര അവശിഷ്ടങ്ങൾ കാണാമെന്നും ഹർജിക്കാർ അവകാശപ്പെടുന്നു.
Read Also: ശ്രീകൃഷ്ണനെ പോലെ പുല്ലാങ്കുഴല്‍ വായിച്ചാൽ പശുക്കള്‍ കൂടുതല്‍ പാല് തരും: ബിജെപി എംഎല്‍എ
13.37 ഏക്കറിലുള്ള ശ്രീകൃഷ്ണ ജന്മഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ലക്നൗ സ്വദേശിയായ അഡ്വ.രഞ്ജന അഗ്നിഹോത്രിയാണ് ഹർജി ഫയൽ ചെയ്തവരിൽ പ്രമുഖൻ.
തർക്കവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാസംഘ്, മഥുരയും മസ്ജിദ് ട്രസ്റ്റും വർഷങ്ങൾക്ക് മുൻപ് നടത്തിയ ഒത്തുതീർപ്പിനെ നിയമവിരുദ്ധമെന്ന് ഹർജിക്കാർ ആരോപിക്കുന്നു. ശ്രീ കൃഷ്ണ ജന്മഭൂമി ട്രസ്റ്റ് ആണ് സ്ഥലത്തിന്റെ യഥാർഥ അവകാശികളെന്ന് ഹർജിയിൽ ഉണ്ട്.
പള്ളിക്ക് താഴെ ക്ഷേത്രമുണ്ട്. ഇവിടെ ഖനനം ചെയ്താൽ കോടതിക്ക് മുൻപിൽ വസ്തുതകൾ പുറത്തുവരും. നേരത്തെ ഉണ്ടാക്കിയ കരാർ കൃത്രിമമാണ് എന്നും ഹർജിക്കാർ ആരോപിക്കുന്നു.