ചണ്ഡിഗഡ്:മുന്‍ പഞ്ചാബ് ഡിജിപിയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുൻ പ്രസിഡന്‍റുമായ കെപിഎസ് ഗില്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസായിരുന്നു. സൂപ്പര്‍ കോപ്പ് എന്നറിയപ്പെട്ടിരുന്ന കെപിഎസ് ഗില്‍ പഞ്ചാബിലെ തീവ്രവാദപ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ്. പഞ്ചാബിന്റെ ഡിജിപി ആയി രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുള്ള ഗില്‍ ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് .

1958 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഗിൽ. ആദ്യ പോസ്റ്റിംഗ് അസമിലായിരുന്നു. 28 വര്‍ഷക്കാലം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം 1984ലാണ് സ്വന്തം നാടായ പഞ്ചാബിലെത്തുന്നത്. 1988 മേയിൽ, സുവർണക്ഷേത്രത്തിൽ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ അടിച്ചമർത്താൻ നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ കമാൻഡ് ചെയ്തത് ഗിൽ ആയിരുന്നു. ഏറെ സങ്കീർണമായിരുന്ന ആ ഓപ്പറേഷനിൽ 43 ഭീകരരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായിരുന്ന 67 പേർ പൊലീസിനു മുന്നിൽ കീഴടങ്ങുകയും ചെയ്തിരുന്നു.ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് കണ്‍ഫ്ളിക്റ്റ് മാനേജ്മെന്‍റിന്‍റെ അധ്യക്ഷനുമായിരുന്ന ഗില്ലിനെ 1989ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

1988–1990 കാലഘട്ടത്തിലാണ് ഗിൽ ആദ്യമായി പഞ്ചാബ് പൊലീസ് സേനയുടെ തലപ്പത്ത് എത്തുന്നത്. 1991ൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പൊലീസ് തലപ്പത്തെത്തി. പഞ്ചാബിൽ ആഭ്യന്തര സംഘർഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോഴാണ് ഗില്ലിനെ രണ്ടാമതും പൊലീസ് ചീഫ് ആക്കാൻ സർക്കാർ തീരുമാനിക്കുന്നത്. സർക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 5000 ആളുകളാണ് 1991ൽ മാത്രം പഞ്ചാബിൽ കൊല്ലപ്പെട്ടിരുന്നത്. എന്നാൽ ഗിൽ സ്ഥാനമേറ്റതോടെ ഇതു 500 ആയി കുറഞ്ഞു. 1995 ലാണ് ഗിൽ ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

1989ലെ ഒരു ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 1996ല്‍ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനിലെ അഴിമതി വിവാദം രൂക്ഷമായതോടെ ഫെഡറേഷനെ ഇന്ത്യന്‍ ഒളിന്പിക് അസോസിയേഷന്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ