ബെംഗളൂരു: പ്രസിഡന്റിനെയും വർക്കിങ് പ്രസിഡന്റിനെയും മാത്രം നിലനിർത്തി കർണാടക പിസിസി പിരിച്ചുവിട്ടു. പ്രസിഡന്റ് ദിനേശ് ഗുണ്ടറാവു, വർക്കിങ് പ്രസിഡന്റ് ഈശ്വർ ബി.ഖാന്ദ്രേ എന്നിവരെ തൽസ്ഥാനത്ത് നിലനിർത്തി കൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നത്. സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് കർണാടകയിലെ മുതിർന്ന നേതാവും ശിവാജി നഗർ എംഎൽഎയുമായ റോഷൻ ബേഗിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടർന്നായിരുന്നു നടപടി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പരസ്യവിമർശനം നടത്തിയ റോഷൻ, താൻ കോൺഗ്രസ് പാർട്ടിയുടെ സേവകനാണെന്നും സിദ്ധരാമയ്യയാണു സസ്പെൻഷനു കാരണമെന്നും പറഞ്ഞിരുന്നു.

ജെഡിഎസുമായുള്ള സഖ്യ സർക്കാർ വലിയ പ്രതിസന്ധിയിലൂടെയാണ് കർണാടകയിൽ കടന്നു പോകുന്നത്. ഓപ്പറേഷൻ താമരയും കൊഴിഞ്ഞുപോക്കുമെല്ലാം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാണ്. മുഖ്യമന്ത്രി കുമാരസ്വാമി തന്നെ സഖ്യസർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

സഖ്യസർക്കാരിനെ നിലനിർത്തുന്നതിലുള്ള വിഷമതകളെ കുറിച്ച് മുഖ്യമന്ത്രി കുമാരസ്വാമി തുറന്നടിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ നടപടിയെന്നതും എടുത്ത് പറയേണ്ടതാണ്. സർക്കാരിന്റെ പ്രവർത്തനം നല്ലരീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ താൻ വിഷമതകളെല്ലാം ഉള്ളിലൊതുക്കിയതാണെന്നും വേദനയിലൂടെയാണ് താൻ കടന്നു പോകുന്നതെന്നുമാണ് കുമാരസ്വാമി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook